ടിപ്പർ അപകടം; അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് സഹായവാഗ്ദാനം നൽകിയത്. മുൻപ് ടിപ്പർ അപകടത്തിൽ പരിക്കേറ്റ സന്ധ്യാറാണിക്കും ധനസഹായം നൽകും.
19നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പാറയുമായി പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി.എസ് വിദ്യാർഥിയായ മുക്കോല കാഞ്ഞിരംവിള അനന്തു ഭവനിൽ അനന്തു മരിച്ചത്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഡെന്റൽ കോളേജിലെ നാലാം വർഷ വിദ്യാർഥിയായ അനന്തു കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ബാലരാമപുരം ഭാഗത്തേക്ക് പോകവേ എതിരെ വന്ന ലോറിയിൽ നിന്നാണ് കരിങ്കല്ല് വീണത്. അനന്തു ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ തലയിലും നെഞ്ചിലുമായി കരിങ്കല്ലു പതിച്ചതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ചു. തലയ്ക്കും വാരിയെല്ലിനുമേറ്റ പരിക്കാണ് മരണകാരണം.
സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. സംഭവത്തെത്തുടർന്ന് സി.പി.എം നേതൃത്വത്തിൽ തുറമുഖ കവാടത്തിനുമുന്നിൽ ഉപരോധം നടത്തി. അനന്തുവിന്റെ വീട് സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും അദാനി ലിമിറ്റഡും കുടുംബത്തെ സഹായിക്കണമെന്നും അറിയിച്ചിരുന്നു.