വയനാട്ടിലെ പെൺകടുവയെ വനംവകുപ്പ് മൃഗശാലയ്ക്ക് കൈമാറി

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അന്തേവാസിയായി വയനാട്ടിൽനിന്നും പിടികൂടിയ പെൺകടുവ. മീനങ്ങാടി മയിലമ്പാടിയിൽ ഭീതിപടർത്തിയിരുന്ന കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. ആരോഗ്യസ്ഥിതി മോശമായ കടുവയെ തിരികെ കാട്ടിലേക്ക് തുറന്ന് വിടാൻ കഴിയാത്തതിനാലാണ് മൃഗശാലയിൽ എത്തിച്ചത്. ഉദ്ദേശം ആറ് വയസ്സുളള കടുവയുടെ ശരീരത്തിൽ പലഭാഗങ്ങളിലായി മുറിവുകളുണ്ട്. നാല് കോമ്പല്ലുകളും നഷ്‌ടമായിട്ടുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.
മൃഗശാലയിൽ പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ കൂട്ടിലാണ് കടുവയെ പാർപ്പിച്ചിട്ടുളളത്. ൨൧ ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാൽ സാധാരണ കൂട്ടിലേക്ക് മാറ്റും. ചൂടായതിനാൽ ഫാനുകളും കൂളറും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ആൺ കടുവകളും ഒരു ജോഡി വെള്ളക്കടുവകളുമാണ് മൃഗശാലയിലുള്ളത്. കൂട്ടത്തിലെ പെൺ വെള്ളക്കടുവയുടെ ഗർഭപാത്രത്തിൽ പഴുപ്പ് നിറയുന്ന പയോമെട്ര എന്ന രോഗമുള്ളതിനാൽ അതിനെ പ്രജനനത്തിനായി ഉപയോഗിക്കാനാകില്ല. അതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ പെൺകടുവയെ പ്രജനനത്തിനായി ഉപയോഗിക്കാനാകും. പത്ത് ദിവസം ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയാണിത്. മൂന്ന് ആടുകളെ കൊന്നിരുന്നു. കഴിഞ്ഞ 12നാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ പെട്ടത്.