വാഹന ഇന്‍ഷുറന്‍സ്; ഏത് കമ്പനിയുടേത് വേണമെന്ന് തീരുമാനിക്കുന്നത് ഡീലര്‍മാരല്ല, വാഹന ഉടമകളാണ്

Share our post

വാഹനം വാങ്ങുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. വാഹനനിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്‌ച്ചേഴ്സിനു കമ്മിഷന്‍ നേരത്തേ നല്‍കിയ നിര്‍ദേശമാണു വിവരാവകാശപ്രകാരം ലഭിച്ചത്. ഉപഭോക്താവിന് ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനം തേടാന്‍ അവകാശമുണ്ടെന്നു വാഹനങ്ങളുടെ ഡീലര്‍ഷിപ്പുകളിലും ഷോറൂമുകളിലും നോട്ടീസ് പതിക്കണമെന്നാണു പ്രധാനനിര്‍ദേശം.

ഇന്‍ഷുറന്‍സ് കമ്പനി ഏതുവേണമെന്ന് ഉപഭോക്താവിനു തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ പ്രീമിയം തുകയില്‍ ആരോഗ്യകരമായ മത്സരമുണ്ടാകും. ഇതിനൊപ്പം ആവശ്യമുള്ളതരത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം തിരഞ്ഞെടുക്കാനും കഴിയും. വാഹനം മോട്ടോര്‍ വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതുണ്ട്. എന്‍ജിന്‍ നമ്പരും ഷാസി നമ്പരും കമ്പനിക്കു കൈമാറിയാല്‍ ഇന്‍ഷുറന്‍സ് എടുക്കാം.

ഇതിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിവാഹന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനാല്‍, വാഹനമുടമയ്ക്കു ബുദ്ധിമുട്ടുണ്ടാവുകയുമില്ല. ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും സ്വകാര്യകാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി പ്രീമിയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ത്തന്നെ അടയ്ക്കണം. വാഹനംവഴി മറ്റുള്ളവരുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് സംരക്ഷണമാണിത്.

രാജ്യത്ത് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തേര്‍ഡ് പാര്‍ട്ടി പോളിസി മാത്രം മതി. എന്നാല്‍, വാഹനത്തിനും അതിലെ യാത്രക്കാര്‍ക്കും സംരക്ഷണംകിട്ടാന്‍ ഓണ്‍ ഡാമേജ് പോളിസികള്‍ വേണ്ടിവരും. മുമ്പ് തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തിന്റെ കാലയളവിലേക്കുതന്നെ ഓണ്‍ ഡാമേജ് പോളിസിയും എടുക്കണമായിരുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം തുക വളരെക്കൂടാന്‍ ഇടയാക്കുന്ന ഈ നിര്‍ദേശം പിന്നീടു പിന്‍വലിച്ചു. ഇപ്പോള്‍ ഓണ്‍ ഡാമേജ് പോളിസി വര്‍ഷാവര്‍ഷം പുതുക്കാവുന്ന വിധത്തിലാണ്.

പുതിയ വാഹനം നിരത്തിലിറക്കുന്നവര്‍ ഓരോ വര്‍ഷവും ഓണ്‍ ഡാമേജ് പോളിസി പുതുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്വകാര്യകാറുകള്‍ക്കു മൂന്നു വര്‍ഷത്തിനുശേഷം രണ്ട് ഇന്‍ഷുറന്‍സുകളും ഒന്നിച്ചെടുക്കാം. ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇതു ബാധകമാകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!