ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവ്

അടൂർ(പത്തനംതിട്ട): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ 23-കാരന് ജീവപര്യന്തം ശിക്ഷ. ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ അജിത്തിനെയാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരവധി തവണ ലൈംഗികപീഡനം നടത്തിയതിന് ജീവപര്യന്തം കഠിനതടവും മറ്റ് പോക്സോ ആക്ടുകൾ പ്രകാരം 26 വർഷം തടവും 3,20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷംകൂടി അധികം തടവ് അനുഭവിക്കണമെന്നും വിധിച്ചു.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചുഎന്നാണ് കേസ്. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.എച്ച്.ഒ. ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിതാ ജോൺ ഹാജരായി.