കൂട്ടിനകത്തെ ആടിനെ അജ്ഞാത ജീവി കൊന്നു തിന്നു

പാനൂർ: പുലിപ്പേടി നിലനിൽക്കെ പാനൂരിൽ കൂട്ടിനകത്തെ ആടിനെ അജ്ഞാത ജീവി കൊന്നു തിന്നു. പാനൂരിനടുത്ത് കൈവേലിക്കലിലാണ് സംഭവം. ആടിൻ്റെ പാതി ഭാഗവും അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണ്. കൈവേലിക്കൽ പുത്തൂർ റോഡിലെ കിഴക്കേൻ്റവിട ശ്രീബിഷിൻ്റെ ആടിനെയാണ് രാവിലെ അജ്ഞാത ജീവി കടിച്ച് കൊന്ന നിലയിൽ കണ്ടത്. ആടിൻ്റെ പകുതി ശരീരഭാഗം മാത്രമാണ് ലഭിച്ചത്.
വീടിനോട് ചേർന്നാണ് ആട്ടിൻ കൂട്. സംഭവമറിഞ്ഞ് നാട്ടുകാർ ഭീതിയിലായിരിക്കയാണ്. നാട്ടിൽപല ഭാഗത്തും കാട്ടുപന്നി ഉൾപ്പടെയുള്ള വന്യ ജീവികൾ കൂട്ടത്തോടെയിറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി കനകമല മേക്കുന്ന് മേഖലയിൽ പുലിയെ കണ്ടതായ വിവരങ്ങളും വരുന്നുണ്ട്. ഏതാനും മാസം മുമ്പ് മേക്കുന്നിൽ വെച്ച് കിണറ്റിൽ പുലി വീണ സംഭവത്തിൻ്റെ സാഹചര്യത്തിൽ നാട്ടുകാർ ഏറെ ആശങ്കയിലാണ്. വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.