വേനൽ ചൂടിൽ ഉരുകിയുരുകി നാട്

Share our post

കണ്ണൂർ∙ ഇന്ന് ലോക ജലദിനം. ജലസംരക്ഷണത്തിന്റെ ആവശ്യകത അനുദിനം വർധിക്കുമ്പോഴും ജലസമ്പത്ത് വൻതോതിൽ കുറയുന്നതാണ് അനുഭവം. വേനൽ ചൂടിൽ നാട് ഉരുകിയൊലിക്കേ ജില്ലയിൽ പലയിടങ്ങളും ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാണ്. ഈമാസം തുടക്കത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളുടെ പരിധിയിൽ ശുദ്ധജല ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു. മാസം പിന്നിടാറായതോടെ കൂടുതൽ ഇടങ്ങൾ ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുകയാണ്.

വേനൽ കനത്താൽ വരും ദിവസങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാകും. പ്രാദേശിക തലത്തിലുള്ള ശുദ്ധജല വിതരണ പദ്ധതികളും ജലജീവൻ, ജലനിധി തുടങ്ങിയ പദ്ധതികളും പൂർത്തിയായ സ്ഥലങ്ങളിൽ ജലക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്. പഴശ്ശി കനാൽ വഴി 2 തവണ വെള്ളം ഒഴുകിയതോടെ അതിന്റെ ഗുണങ്ങൾ സമീപ പ്രദേശങ്ങളിലെ കിണറുകളിലും മറ്റും ദൃശ്യമാണ്. ഈ പ്രദേശങ്ങളിൽ വരൾച്ച കൃഷിയേയും കാര്യമായി ബാധിച്ചിട്ടില്ല.

ശുദ്ധജലക്ഷാമം ഇവിടങ്ങളിൽ

ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ നഗരസഭകൾക്കു പരിധിയിലെ ചില സ്ഥലങ്ങളിലും നടുവിൽ, ചപ്പാരപ്പടവ്, ഏഴോം, മാടായി, ചെറുകുന്ന്, ചെറുപുഴ, കീഴല്ലൂർ, ചിറക്കൽ, കണിച്ചാർ, കാങ്കോൽ–ആലപ്പടമ്പ്, കേളകം, ന്യൂമാഹി, പെരിങ്ങോം വയക്കര, രാമന്തളി പഞ്ചായത്തുകളുടെ ചില മേഖലകളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളിലും മറ്റും വെള്ളമെത്തിച്ചു പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ നടന്നുവരുന്നു.

കൃഷിയെ ബാധിച്ച് വരൾച്ച

നടുവിൽ വിളക്കന്നൂർ, ഓർക്കയം, ചപ്പാരപ്പടവ് മണാട്ടി, കൊട്ടക്കാനം, കരിങ്കയം, മലപ്പട്ടം– പടിയൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ, പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ, ആലത്തുപറമ്പ്, കല്യാട്, പെരുമണ്ണ്, ഇരിക്കൂർ പഞ്ചായത്തിലെ ചേടിച്ചേരി, കുട്ടാവ്, നിടുവള്ളൂർ, മലപ്പട്ടം പഞ്ചായത്തിലെ പൂക്കണ്ടം, ചൂളിയാട്, കൊവുന്തല, അടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വരൾച്ച കൃഷിയേയും ബാധിച്ചു തുടങ്ങി

ഒഴുക്ക് നിലച്ച് പുഴകൾ

ജില്ലയിലെ വലുതും ചെറുതുമായ പുഴകളിൽ നീരൊഴുക്ക് നന്നേ കുറഞ്ഞു. ചെറുപുഴ തേജസ്വിനി –തിരുമേനി പുഴകളിലെ നീരൊഴുക്കു നിലച്ചു. ചിലയിടങ്ങളിലെ തടയണകളിലും കയങ്ങളിലും മാത്രമാണ് വെള്ളമുള്ളത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ കിണറുകളിലെ ജലനിരപ്പും താഴാൻ തുടങ്ങി. ഇരിക്കൂർ, മണ്ണൂർ, പെരുമണ്ണ്, കണ്ടകശ്ശേരി, ചമതച്ചാൽ പുഴകളുടെ മിക്ക ഭാഗവും വറ്റി.

ആശ്വാസമായി പദ്ധതികൾ

കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാണിയൂർ പ്രദേശങ്ങളിൽ ഏതാനും വർഷങ്ങളായി വരൾച്ച രൂക്ഷമായി പാടങ്ങൾ വിണ്ടുകീറിയിരുന്നു. ഇത്തവണ അതുണ്ടായില്ല. കനാൽ വഴി 2 തവണ വെള്ളം ലഭിച്ചതിനാൽ കൃഷിനാശവും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്. പഴശ്ശി കനാൽ വഴി ജലവിതരണം നടത്തിയ സമയത്ത് ചക്കരക്കൽ മേഖലയിൽ കിണറുകളിൽ വെള്ളം കൂടിയിരുന്നു. എന്നാൽ ഇപ്പോഴത് വറ്റിത്തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!