ഭൂമിയേറ്റെടുക്കല്‍; കോഴിക്കോട്-വയനാട് തുരങ്കപാത നിര്‍മാണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

Share our post

കോഴിക്കോട്: മലബാറിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. വയനാട്ടിലേക്കുള്ള തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ സമീപത്ത് യാതൊന്നും ചെയ്യാന്‍കഴിയാതെയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്ന ആവശ്യം ചിലഭൂവുടമകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അതിന് തയ്യാറാകാതെ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിപ്പിച്ചത്.

രണ്ടുതവണ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിട്ടും സര്‍ക്കാര്‍ ഇതിനെതിരേ പ്രതികരിച്ചിട്ടില്ലെന്ന് പരാതിക്കാര്‍ പറഞ്ഞു. കൃഷി ചെയ്യാന്‍പോലും സാധ്യമാകാത്ത ചെറിയ വിസ്തൃതിയിലുള്ള ഭൂമിയാണ് സ്ഥലം ഏറ്റെടുത്തുകഴിഞ്ഞാല്‍ ബാക്കിയാകുക. ഈ സ്ഥലം ഒന്നിനും ഉപകാരപ്പെടില്ലെന്നും അതിനാല്‍ ബാക്കിയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്നും പദ്ധതിയോട് അനുകൂലനിലപാടാണെന്നും പരാതിക്കാരില്‍ ഒരാളായ കെ.എം. നജ്മ പറഞ്ഞു.

തുരങ്കനിര്‍മാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നതിനായാണ് പരാതിക്കാരുടെ സ്ഥലം ഏറ്റെടുത്തത്. ഇവിടെ മാലിന്യം നിക്ഷേപിക്കുമ്പോള്‍ ബാക്കിയുള്ള സ്ഥലം ഉപയോഗ ശൂന്യമാകുമെന്നും കളക്ടര്‍ കണ്ടെത്തിയിരുന്നു.

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊതുജനങ്ങളില്‍നിന്ന് തെളിവെടുപ്പ് നടത്തിയപ്പോള്‍ കോഴിക്കോട്ടുനിന്ന് ചില പരാതികളുണ്ടായി. വയനാട്ടില്‍ പരാതിയൊന്നും ഉയര്‍ന്നില്ലെന്നാണ് കൊങ്കണ്‍ അധികൃതര്‍ പറയുന്നത്. തുരങ്കപാതയുടെ ചുമതല കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാര്‍ഗമാണ് പുതിയ പാത.

ടണല്‍ തുടങ്ങുന്ന ആനക്കാംപൊയില്‍ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടര്‍ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലായി 4.8238 ഹെക്ടര്‍ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. നിര്‍മാണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം രണ്ടാഴ്ചകൂടി സമയം നീട്ടിനല്‍കിയിട്ടുണ്ട്. എന്നാല്‍, സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉള്ള വിവരം ആളുകളില്‍നിന്ന് സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നാണ് ആക്ഷേപം.

ലാന്‍ഡ് അക്വിസിഷന്‍ റൂള്‍ 2013 പ്രാകാരമാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. 45 പേര്‍ക്കായി 36.5 കോടി രൂപയാണ് നല്‍കുക. 43 പേര്‍ക്ക് 30.4 കോടി രൂപ നഷ്ടപരിഹാരത്തുക കൊടുത്തുകഴിഞ്ഞു. പരാതിക്കാര്‍ക്കാണ് ഇനി നല്‍കാനുള്ളത്.

നിര്‍മാണപ്രവൃത്തി മുടങ്ങില്ല

തുരങ്കനിര്‍മാണത്തിനിടെ ഉണ്ടാകുന്ന മണ്ണ് നിക്ഷേപിക്കുന്നതിനായാണ് പരാതിക്കാരുടെ സ്ഥലം ഏറ്റെടുത്തത്. തുരങ്കത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് സ്റ്റേ പ്രശ്‌നമില്ല. തുരങ്കനിര്‍മാണം ആരംഭിക്കുമ്പോഴേക്കും സ്റ്റേ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

രഞ്ജിത്ത്, (ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍, കോഴിക്കോട്)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!