മൂന്ന് വര്‍ഷം ശ്രമിച്ചു, ആപ്പിള്‍ വാച്ചും ആന്‍ഡ്രോയിഡും കണക്ട് ചെയ്യാന്‍ പറ്റില്ലെന്ന് ആപ്പിള്‍

ആന്‍ഡ്രോയിഡ് അധിഷ്ടിതമായ സ്മാര്‍ട് വാച്ചുകളൊക്കെയും ഐഫോണില്‍ ഉപയോഗിക്കാനാവും. എന്നാല്‍ ആപ്പിളിന്റെ ഒരു വാച്ച് ഏതെങ്കിലും ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാനാവുമോ. പറ്റില്ല. യുഎസ് നീതിവകുപ്പ് ആപ്പിളിനെതിരെ നല്‍കിയ പരാതിയില്‍ കമ്പനിയുടെ കുത്തക നിലപാടുകള്‍ക്കെതിരെ ചൂണ്ടിക്കാണിക്കുന്ന ഒരു ഉദാഹരണമാണിത്.
വര്‍ഷങ്ങളെടുത്തിട്ടും വന്‍കിട ടെക്ക് കമ്പനിയായിട്ടും ആപ്പിള്‍ വാച്ച് ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്. ഒരു ആപ്പിള്‍ വാച്ച് ഉടമയ്ക്ക് ഐഫോണ്‍ മാറ്റി ആന്‍ഡ്രോയിഡിലേക്ക് പോവണമെങ്കില്‍ ഐഫോണിനൊപ്പം ആപ്പിള്‍ വാച്ചും ഒഴിവാക്കേണ്ട സ്ഥിതിയാണ്. ഇക്കാരണത്താല്‍ ഉപഭോക്താവിന് ആപ്പിള്‍ ഇക്കോസിസ്റ്റം എന്ന് വിളിക്കുന്ന ചങ്ങലക്കെട്ടിനപ്പുറം പോവാന്‍ സാധിക്കാതെ വരുന്നു.
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡിലേക്ക് പോവുന്നതിന് ആപ്പിള്‍ തന്നെ ഏര്‍പെടുത്തിയിരിക്കുന്ന തടസങ്ങളിലൊന്നാണിത്. എന്നാല്‍ മൂന്ന് വര്‍ഷക്കാലം ആപ്പിള്‍ വാച്ചിനേയും ആന്‍ഡ്രോയിഡിലേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും സാങ്കേതിക പ്രശ്‌നങ്ങളാല്‍ അതിന് സാധിക്കില്ലെന്നുമാണ് ആപ്പിളിന്റെ വിശദീകരണം. ഇതോടെ അതിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
ആപ്പിള്‍ വാച്ച് ആന്‍ഡ്രോയിഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ നടത്തിയിരുന്നതായി ടെക്ക് ജേണലിസ്റ്റായ മാര്‍ക്ക് ഗുര്‍മന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് ആപ്പിള്‍.
ആപ്പിള്‍ വാച്ചിനെ ആന്‍ഡ്രോയിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള വെല്ലുവിളിക്കൊപ്പം ആന്‍ഡ്രോയിഡ് സ്മാര്‍ട് വാച്ചുകളെ ഐഫോണുമായി ബന്ധിപ്പിക്കുന്നത് ആപ്പിള്‍ സങ്കീര്‍ണമാക്കിമാറ്റുന്നുവെന്നും ആപ്പുകളെ നിയന്ത്രിക്കുന്നുവെന്നും യുഎസ് നീതി വകുപ്പ് പരാതിയില്‍ പറയുന്നു.
അതേസമയം മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആപ്പിള്‍ പുതിയ ആപ്പിള്‍ വാച്ച് അവതരിപ്പിക്കും. വരാനിരിക്കുന്ന ആപ്പിള്‍ വാച്ച് 10 ല്‍ രക്തസമ്മര്‍ദ്ദം നിരീക്ഷിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അത് തിരിച്ചറിയാനും സമയാനുസൃതമായി മരുന്നുകള്‍ കഴിക്കാനും സാധിക്കും.