ഓടുന്ന ബൈക്കിന് തീപിടിച്ച് മധ്യവയസ്കൻ വെന്ത് മരിച്ചു

കുമളി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ വെന്ത് മരിച്ചു. അണക്കര കളങ്ങരയിൽ എബ്രഹാമാണ് (തങ്കച്ചൻ/50) മരിച്ചത്.
സ്വകാര്യ ബസ് ഡ്രൈവറായ ഇയാൾ വെള്ളിയാഴ്ച രാവിലെ അഞ്ചിന് ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽ വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തീ ഇയാളുടെ വസ്ത്രത്തിലേക്കും മറ്റും വേഗത്തിൽ പടർന്നു കയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർഥം ഓടുന്നതിനിടെ തീ ശരീരത്തിൽ മുഴുവൻ പടരുകയും മരണപ്പെടുകയുമായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ അൽപം വൈകിയാണ് സമീപവാസികൾ പോലും അപകട വിവരം അറിഞ്ഞത്. കുമളി പോലിസെത്തി മേൽ നടപടികൾ സ്വീകരിച്ചു.