വിചാരണ കൂടാതെ വ്യക്തികളെ അനിശ്ചിതകാലം ജയിലിൽ പിടിച്ചിടാൻ ഇഡിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

വിചാരണ കൂടാതെ വ്യക്തികളെ അനിശ്ചിതകാലം ജയിലിൽ പിടിച്ചിടാൻ ഇഡിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. അനുബന്ധ കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് സ്വാഭാവികജാമ്യം നിഷേധിക്കുന്ന നടപടി പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുകയും പ്രതികളെ അനിശ്ചിതകാലം ജയിലിടുകയും ചെയ്യുന്ന ഇഡിയുടെ സമീപനം ശരിയല്ലെന്നും ജസ്റ്റിസ് ദീപാങ്കർദത്ത കൂടി അംഗമായ ബെഞ്ച് വിമർശിച്ചു.
‘ഈ കേസിൽ ഹർജിക്കാരൻ അറസ്റ്റിലായി 18 മാസം കഴിഞ്ഞു. നിങ്ങളുടെ ഈ പ്രവണത ഞങ്ങളെ അലട്ടുന്നുണ്ട്. ഏതെങ്കിലും കേസിൽ നിങ്ങളെ ഞങ്ങൾ പിടിക്കും. മുന്നറിയിപ്പ് നൽകുകയാണ്. ഒരാളെ അറസ്റ്റ് ചെയ്‌ത് കഴിഞ്ഞാൽ എത്രയും വേഗം വിചാരണ തുടങ്ങണം’–- സുപ്രീംകോടതി തുറന്നടിച്ചു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത്‌സോറന്റെ അനുയായി പ്രകാശിനെ അനധികൃത ഖനനക്കേസിൽ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. അന്വേഷണം നീണ്ടുപോകുന്നതിനാൽ സ്വാഭാവികജാമ്യം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ.