ഇരിട്ടി താലൂക്ക് പരിധിയിലെ പുഴ- പുറമ്പോക്കുകൾ കണ്ടെത്തി സംരക്ഷിക്കും

പേരാവൂർ : ഇരിട്ടി താലൂക്കിലെ വിവിധ വില്ലേജുകളിൽ പുഴ- പുറമ്പോക്കുകളുടെ സംരക്ഷണത്തിനായി റവന്യൂ അധികൃതർ ഡിജിറ്റൽ സർവ്വെ നടത്തും. ഡിജിറ്റൽ സർവ്വെ ചെയ്യുന്ന സർവെയർമാരുടെ സഹായത്തോടെ പുഴ -പുറമ്പോക്കുകൾ കണ്ടെത്തി സർവ്വേ കല്ലുകൾ സ്ഥാപിക്കുകയും ജീവനക്കാരെ നിയോഗിച്ച് പുഴ പുറമ്പോക്കുകൾ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കും.
പുഴ പുറമ്പോക്കുകൾ ഉൾപ്പെടെയുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള എല്ലാ ഭൂമികളിലെയും നിലവിലുളള കയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും ഡിജിറ്റൽ സർവ്വെ നടക്കുന്ന ഘട്ടത്തിൽ തന്നെ സ്വീകരിക്കും. ഇത്തരം ഭൂമി പിന്നീട് കയ്യേറ്റങ്ങളില്ലാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി താലൂക്ക് തഹസീൽദാർ ബന്ധപ്പെട്ട നഗരസഭ അധികൃതർക്കും മുഴുവൻ പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.