ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിലെ വിലക്ക്: വിവാദ സർക്കുലർ റദ്ദാക്കി

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയോ യുട്യൂബ് പോലെയുള്ള മാധ്യമങ്ങളില്‍ ചാനലുകൾ തുടങ്ങുകയോ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു.
വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് വിവാദ സർക്കുലർ ആരോഗ്യവകുപ്പ് പിൻവലിച്ചത്. സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
മാർച്ച് 13നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് എത്തുകയും പരസ്യ വരുമാനം ഉൾപ്പെടെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഇത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ, ചട്ടം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമാകാതെയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷകള്‍ വന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
ജീവനക്കാര്‍ക്ക് അനുമതി നല്കിയാല് ചട്ടലംഘനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിത്. അനുവാദം വാങ്ങി ഇത്തരം ചാനലുകള്‍ ആരംഭിക്കുന്ന ഉദ്യോഗസ്ഥർ പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും പ്രായോഗിക തടസങ്ങൾ ഉണ്ടെന്നും സർക്കാർ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ ചാനലുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ലഭ്യമാകുന്ന അപേക്ഷകൾ ജില്ലാതലത്തിലോ സ്ഥാപനതലത്തിലോ നിരസിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐ.എം.എയും കെ.ജി.എം.ഒ.എയും രംഗത്ത് വന്നിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചിരുന്നു.