പുരപ്പുറ സോളാർ പദ്ധതി ബില്ലിങ്ങിൽ മാറ്റമില്ല: റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം : പുനരുപയോഗ ഊർജ ഉൽപ്പാദനത്തിൽ മുന്നേറ്റമുണ്ടാക്കിയ പുരപ്പുറ സോളാർ പദ്ധതിയെ തകർക്കാൻ മാധ്യമങ്ങളുടെ വ്യാജപ്രചാരണം. പദ്ധതിയുടെ ബില്ലിങ് രീതിയിൽ മാറ്റംവരുത്തി ഉപയോക്താക്കളെ കനത്ത നഷ്‌ടത്തിലേക്ക് തള്ളിവിടുന്നെന്നാണ് പ്രചാരണം. സർക്കാരോ കെ.എസ്.ഇ.ബി.യോ നിർദേശിക്കാത്ത കാര്യം റെഗുലേറ്ററി കമീഷന്റെ പരിഗണനയിലുണ്ടെന്നാണ് തെറ്റിദ്ധരിപ്പിക്കൽ.
ബുധനാഴ്‌ച റെഗുലേറ്ററി കമീഷന്റെ പൊതുതെളിവെടുപ്പിൽ ഇതുസംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നും ഏപ്രിൽ ഒന്നോടുകൂടി നടപ്പാക്കുമെന്നുംവരെ ചില പത്രങ്ങൾ വ്യാജവാർത്ത നൽകി.
നിലവിലെ രീതിയായ ‘നെറ്റ് മീറ്ററിങ്ങിൽ’ സോളാറിലെ വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കുകയും വീട്ടാവശ്യത്തിന് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നവർ അധിക വൈദ്യുതിക്കുമാത്രം തുക നൽകിയാൽ മതി. ഇതിനുപകരമായി കെ.എസ്.ഇ.ബി.യിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ തുക നൽകേണ്ടുന്ന ‘ഗ്രോസ് മീറ്ററിങ്’ സംവിധാനം നടപ്പാക്കുന്നതായാണ് ആരോപണം. ഗ്രോസ് മീറ്ററിലേക്ക് മാറിയാൽ സോളാർ വൈദ്യുതിക്കും കെ.എസ്.ഇ.ബി.യിൽനിന്ന് ഉപയോഗിക്കുന്നതിനും പ്രത്യേകം മീറ്ററുണ്ടാകും. കെഎസ്ഇബി നൽകുന്ന വൈദ്യുതിയുടെ നിരക്കും സോളാറിന് കണക്കാക്കുന്ന നിരക്കും തമ്മിൽ വ്യത്യാസമുണ്ടാകും. ഇത്തരം സംവിധാനം സംസ്ഥാനത്ത് നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും വാർത്തകൾ തെറ്റാണെന്നും പൊതുതെളിവെടുപ്പിൽ റെഗുലേറ്ററി കമീഷൻ വ്യക്തമാക്കി.