കിണറിന്റെ പണിയാണോ…? ക്യാമറയുണ്ട് കാവൽ

കണ്ണൂർ: കിണറുകുത്തലും വൃത്തിയാക്കലുമെല്ലാം ഹൈടെക് ആയിട്ട് കാലം കുറച്ചായി. കിണറ്റിനുള്ളിലേക്ക് ഫാൻവരെ ഇറങ്ങിത്തുടങ്ങി. എന്നാൽ, ഇപ്പോൾ അതിനപ്പുറം ചാടിക്കടന്ന് കിണറിന്റെ പണികളെയും തൊഴിലാളികളെയും സസൂക്ഷ്മം നിരീക്ഷിക്കാൻ സി.സി.ടി.വി. ക്യാമറകളുമായി.
ഒരുകൈയിൽ കൈക്കോട്ട്, മറ്റേതിൽ ക്യാമറയുമായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ കിണറുകുത്താനായി സഞ്ചരിക്കുന്നു. തൊഴിലാളികളുടെ മേൽനോട്ടം വഹിക്കുന്ന മേസ്തിരിമാരാണ് ക്യാമറകൾ ഏർപ്പാടാക്കുന്നത്.
ഇത് ഇവർ സ്വന്തം മൊബൈലിലേക്ക് കണക്ട് ചെയ്യും. ഇതോടെ, തൊഴിലിടങ്ങളിലെല്ലാം മേസ്തിരിമാർക്ക് എത്തിപ്പെടാൻ പറ്റിയില്ലെങ്കിലും ക്യാമറക്കണ്ണുകളിലൂടെ ഇവർ തൊഴിലാളികളെ കാണും.
പണിയായുധങ്ങൾക്കൊപ്പം പൈപ്പിൽ ഘടിപ്പിച്ച സി.സി.ടി.വി. ക്യാമറയും പേറിയാണ് തൊഴിലാളികൾ ഇപ്പോൾ എത്തുന്നത്. മഴയും വെയിലും ക്യാമറയെ ബാധിക്കാതിരിക്കാൻ ഷീറ്റുകൊണ്ട് ഒരു കുഞ്ഞുമേൽക്കൂരയുമുണ്ടാവും. പണി തുടങ്ങുംമുൻപ് സി.സി.ടി.വി. ക്യാമറ പേറുന്ന പൈപ്പ് കിണറിന്റെ ചുറ്റുവട്ടത്ത് പ്രതിഷ്ഠിക്കും. എന്നിട്ടേ ബാക്കി കാര്യങ്ങളുള്ളൂ.
കിണർ കുഴിക്കലിന്റെയും വൃത്തിയാക്കലിന്റെയും പുരോഗതി വിലയിരുത്തുക, പണിസാധനങ്ങൾ കളവുപോകുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതുകൊണ്ടുണ്ടെന്ന് മേസ്തിരിമാർ പറയുന്നു. പുതിയ അതിഥിയെക്കൊണ്ട് തങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്ന് തൊഴിലാളികളും പറയുന്നു.