പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനക്കേസ്; പരാതിക്കാർ പണത്തിന്റെ ഉറവിടം ഹാജരാക്കണം

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർ നൽകിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കോഴിക്കോട് സ്വദേശികളായ യാക്കൂബ്, എം.ടി. ഷമീർ എന്നിവർക്കാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വൈ.ആർ. റസ്‌റ്റം നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി വിവരങ്ങൾ നൽകാനാണ് നിർദേശം.
ആറ് പരാതിക്കാരിൽനിന്ന് 10 കോടി രൂപയാണ് മോൻസൺ വാങ്ങിയത്. ഇതിൽ 2.10 കോടി മാത്രമാണ് ബാങ്കിടപാടിലൂടെ കൈമാറിയതെന്നും ബാക്കി ഹവാല പണമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹവാല ഇടപാടിനെക്കുറിച്ച് ഇ.ഡി.ക്ക് റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇതിനുമുന്നോടിയായാണ് പണത്തിന്റെ ഉറവിടം ആവശ്യപ്പെട്ടത്.
ഫെമ നിയമലംഘനത്തെ തുടർന്ന് വിദേശത്ത് തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ കിട്ടാനാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിൽനിന്ന് മോൻസൺ പണം വാങ്ങിയത്. അതേസമയം, പരാതിക്കാരായ എം.ടി ഷമീറും ഷാനുമോനും ബുധനാഴ്‌ച ഇ.ഡി.ക്ക് മുന്നിൽ ഹാജരായി. മോൻസണിന് പണം നൽകിയതിന്റെ ബാങ്ക് രേഖകൾ ഇ.ഡി.ക്ക് കൈമാറിയതായി ഇരുവരും പറഞ്ഞു.