പെരുമാറ്റച്ചട്ടലംഘനം; സി-വിജില്‍ ആപ് വഴി പരാതി നല്‍കാം

Share our post

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങൾക്ക് സി-വിജിൽ ആപ് വഴി അറിയിക്കാം.

പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ സി-വിജിൽ (cVIGIL) എന്ന് സെർച്ച് ചെയ്താൽ ആപ് ലഭിക്കും. പരാതി കിട്ടി 100 മിനിറ്റിനുള്ളിൽ നടപടിയെടുത്ത്‌ മറുപടി നൽകുന്ന രീതിയിലാണ് ക്രമീകരണം.

പെരുമാറ്റച്ചട്ട ലംഘനമോ ചെലവ് സംബന്ധമായ ചട്ട ലംഘനമോ ശ്രദ്ധയിൽപ്പെട്ടാൽ പരാതിക്കാരന് ആപ് വഴി ചിത്രം അല്ലെങ്കിൽ വീഡിയോ എടുത്ത്‌ അപ്‌ലോഡ്‌ ചെയ്ത്‌ പരാതി രജിസ്റ്റർ ചെയ്യാം. ജില്ലാ കൺട്രോൾ റൂമിലാണ്‌ പരാതി ലഭിക്കുക.

ആപ് ഉപയോഗിച്ച് എടുക്കുന്ന തത്സമയ ചിത്രങ്ങൾ മാത്രമേ അയക്കാനാകൂ. അപ്‌ലോഡ്‌ ചെയ്യാനുള്ള സമയം അഞ്ച് മിനിറ്റ്‌ മാത്രമാണ്‌.

ഏത് സ്ഥലത്ത് നിന്നാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാൽ ഈ ഡിജിറ്റൽ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയ ബന്ധിതമായി നടപടി എടുക്കാം.

ഫോൺ നമ്പർ, ഒടിപി, വ്യക്തിവിവരങ്ങൾ എന്നിവ നൽകി പരാതി നൽകിയാൽ തുടർനടപടി അറിയാൻ സവിശേഷ ഐഡി ലഭിക്കും. ആരെന്ന്‌ വെളിപ്പെടുത്താതെ പരാതി നൽകാനുള്ള സംവിധാനവുമുണ്ട്‌. എന്നാൽ, ഇങ്ങനെ പരാതി നൽകുന്നയാൾക്ക് തുടർ വിവരങ്ങൾ ആപ് വഴി ലഭിക്കില്ല.

ജില്ലാ കൺട്രോൾ റൂമിൽനിന്ന്‌ പരാതി ഫീൽഡ് യൂണിറ്റിന് കൈമാറും. ഫീൽഡ് യൂണിറ്റിൽ ഫ്ലൈയിങ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകൾ എന്നിവയുണ്ടാകും. ഫീൽഡ് യൂണിറ്റിന് പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് സ്ഥലത്ത് എത്താനാകും. നടപടിയെടുത്ത ശേഷം തുടർ തീരുമാനത്തിനായി ഇൻവെസ്റ്റിഗേറ്റർ ആപ് വഴി റിപ്പോർട്ട് നൽകും.

ജില്ലാതലത്തിൽ തീർപ്പ് ആക്കാനാകാത്ത പരാതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ദേശീയ ഗ്രീവൻസ് പോർട്ടലിലേക്ക് അയക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!