പീഡനക്കേസ് പ്രതിയ്ക്കൊപ്പം പി.ജയരാജന്റെ ചിത്രം ; വടകരയിലും മോർഫ് വിവാദം

കണ്ണൂർ:തനിക്കൊപ്പം പാലത്തായി പീഡന കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ.വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയ അദ്ദേഹം യു.ഡി.എഫിന്റെ കഞ്ഞിക്കുഴി സതീശൻ മോഡൽ വ്യാജ പ്രചാരണം ജനം തള്ളിക്കളയുമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.വടകര പാർലിമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ജയരാജൻകെ.കെ.ശൈലജയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ ബേജാറിലായ യു.ഡി.എഫ് നേതൃത്വം വ്യാജപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു.
ചിത്രത്തിൽ പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.എസ് മോഹനൻ പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ കെ. തോമസ്, വടശേരിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ബഞ്ചമിൻ ജോസ് ജേക്കബ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രത്തിൽ റോബിന്റെ തല മാറ്റി പീഡന കേസ് പ്രതിയുടെ ചിത്രം വച്ച് വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ചാണ് ജയരാജൻ നിയമനടപടിക്കൊരുങ്ങുന്നത്.