പറവൂരിൽ മകൻ്റെ ഭാര്യയെ കഴുത്തറത്ത് കൊന്ന് 67-കാരൻ ജീവനൊടുക്കി

Share our post

പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം.

വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യന്‍ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആസ്‌പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ, വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിന്റെ അകത്തുകടന്നതോടെയാണ് സെബാസ്റ്റ്യനെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇയാളെ ആസ്‌പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

കൊല്ലപ്പെട്ട ഷാനുവിന് അഞ്ചുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. കൊലപാതകത്തിനുപിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. വടക്കേക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!