ലോക്സഭാ തിരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിൽ അതിവേഗം നടപടി

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിൽ അതിവേഗം നടപടിയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍. സോഷ്യൽ മീഡിയ നിരീക്ഷണത്തിന് സംസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജപ്രചാരണം കണ്ടാൽ ഉടൻ പൊലീസ് കേസെടുക്കുമെന്നും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും നോട്ടീസ് നൽകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
വോട്ടെടുപ്പ് വെള്ളിയാഴ്ചയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണെന്നും സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളും ഇലക്ഷൻ കമ്മീഷന് കൈമാറിയെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.
എല്ലാ പ്രശ്നബാധിത ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി. എല്ലാ ചെക്ക് പോസ്റ്റുകളിലും സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തി. പെരുമാറ്റ ചട്ട ലംഘനം C-VIGlL ആപ്പിൽ രജിസ്റ്റർ ചെയ്യാം. പരാതികൾ അറിയിക്കാൻ ജില്ലകളിൽ 1950 എന്ന നമ്പറിലും ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.