പെരുമാറ്റചട്ട ലംഘനം പരിശോധന തുടങ്ങി;181 പ്രചാരണ സാമഗ്രികള്‍ നീക്കി

Share our post

കണ്ണൂര്‍:ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ എം.സി.സി നിരീക്ഷണ സ്‌ക്വാഡുകള്‍ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി തുടങ്ങി. ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 181 പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ച നീക്കി. പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ തുടങ്ങി പൊതുസ്ഥലത്തെ 154 എണ്ണവും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 27 എണ്ണവുമാണ് മാറ്റിയത്.

വിവിധ നിയോജക മണ്ഡലങ്ങളിലായയി പൊതുസ്ഥലത്ത് പതിപ്പിച്ച 130 പോസ്റ്റര്‍, 15 ബാനര്‍, ആറ് കൊടികള്‍, മൂന്നിടത്തെ ചുവരെഴുത്ത് എന്നിവയാണ് ഒഴിവാക്കിയത്. സ്വകാര്യ സ്ഥലത്ത് സ്ഥലയുടമയുടെ അനുമതിയില്ലാതെ പതിപ്പിച്ച 24 പോസ്റ്റര്‍, ഒരു ബാനര്‍, രണ്ടിടങ്ങളിലെ ചുവരെഴുത്ത് എന്നിവയും നീക്കി. പരിശോധനക്കിടെ കണ്ടെത്തിയും പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി. എം.സി.സി നോഡല്‍ ഓഫീസര്‍ എ.ഡി.എം.കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ഓരോ നിയമസഭ മണ്ഡലത്തിലും രണ്ടുവീതം സംഘങ്ങളാണുള്ളത്.

ഓരോ സ്‌ക്വാഡിലും പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടക്കം അഞ്ച് പേരാണുള്ളത്. 22 സ്‌ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്‌ക്വാഡുകളിലായി 34 പേരുമുണ്ട്. ആകെ 144 പേരെയാണ് ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്ര വര്‍ത്തിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!