Kerala
വാഹനവായ്പ കെണിയാകരുത്; എടുക്കുന്നതിനു മുൻപ് ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കുക

പലരും ഇഷ്ട മോഡൽ സ്വന്തമാക്കുന്നതിനു മുഴുവൻ പണം നൽകാതെ വാഹനവായ്പയെ ആശ്രയിക്കുന്നവരാണ്. വലിയൊരു തുക പെട്ടെന്നു കണ്ടെത്തേണ്ടതില്ല, മാസാമാസം തവണകളായി അടച്ചാൽമതി. വാഹനവിലയുടെ 90–95 ശതമാനംവരെ തുക നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാണ് എന്നതൊക്കെ വാഹനവായ്പയുടെ ആകർഷണമാണ്. ധനകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം ഉള്ളതിനാൽ ആകർഷകമായ പലിശനിരക്കിൽ വായ്പ ലഭിക്കും. ഇലക്ട്രിക് കാർ ആണു വാങ്ങുന്നതെങ്കിൽ പലിശ അൽപം കുറയും.
ഏതു തരത്തിലുള്ള വാഹനവായ്പ ആണെങ്കിലും നിങ്ങളുടെ ബജറ്റിനെ ബാധിക്കാത്തതരത്തിലായിരിക്കണം. ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ നൽകാമെന്നു ബാങ്കുകൾ അവകാശപ്പെടുമെങ്കിലും അതു നിശ്ചയിക്കുന്നതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്.
വായ്പ എടുക്കുന്നതിനു മുൻപ് ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കുക
പുതിയ കാർവായ്പ എടുക്കുന്നതിനു മുൻപ് കാർ ലോൺ എന്താണെന്നു മനസ്സിലാക്കുക. വാഹനവായ്പതന്നെ പലതരത്തിലുണ്ട്.
ന്യൂ കാർ ലോൺ: പുതിയ കാർ വാങ്ങുന്നതിനുള്ള വായ്പയാണിത്. സാധാരണയായി എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഇതു നൽകുന്നുണ്ട്.
യൂസ്ഡ് കാർ ലോൺ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനുള്ള വായ്പയാണിത്. പുതിയ കാർ വായ്പയെക്കാൾ പലിശനിരക്കു കൂടുതലായിരിക്കും.
സെക്വേഡ് കാർ ലോൺ: എന്തെങ്കിലും ഗാരന്റിയുടെ പുറത്ത് അനുവദിക്കുന്ന വായ്പകളാണ് സെക്വേഡ് കാർലോൺ. അതു ചിലപ്പോൾ വാങ്ങുന്ന കാർ ആകാം അല്ലെങ്കിൽ ബാങ്കിലെ സ്ഥിരനിക്ഷേപമാകാം.
അൺസെക്വേഡ് കാർ ലോൺ: അത്ര സുരക്ഷിതമല്ലാത്ത വാഹനവായ്പകളാണ് അൺസെക്വേഡ് കാർ ലോൺ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സാധാരണ ബാങ്കുകൾ ഇത്തരം വായ്പകൾ അനുവദിക്കാറില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് ഈ വായ്പകൾ നൽകുന്നത്. ഉയർന്ന പലിശനിരക്കായിരിക്കും ഇത്തരം വായ്പകൾക്ക്.
പ്രീ അപ്രൂവ്ഡ് കാർ ലോൺ: ചില ബാങ്കുകൾ അവരുടെ വിശ്വസ്തരായ കസ്റ്റമേഴ്സിനു മുൻകൂറായി അനുവദിക്കുന്ന വായ്പയാണ് പ്രീ അപ്രൂവ്ഡ് കാർ ലോൺ. ഉപയോക്താവിനു കാര്യമായ നൂലാമാലകളില്ലാതെ ഈ വായ്പ പുതിയ കാർ വാങ്ങുമ്പോൾ പ്രയോജനപ്പെടുത്താം.
ഫിക്സഡ് വേണോ? ഫ്ലോട്ടിങ് വേണോ?
രണ്ടു രീതിയിൽ വായ്പകൾ അനുവദിക്കാറുണ്ട് ഫിക്സഡ് റേറ്റും ഫ്ലോട്ടിങ് റേറ്റും. ഫിക്സഡ് റേറ്റ് ആണെങ്കിൽ വായ്പ എടുക്കുന്ന മാസം മുതൽ അവസാനിക്കുന്ന മാസംവരെ ഒരേ പലിശനിരക്കായിരിക്കും. അതിനാൽ ഇഎംഐയിൽ വ്യത്യാസം വരുന്നില്ല. എന്നാൽ ഫ്ലോട്ടിങ് റേറ്റ് ആണെങ്കിൽ പലിശനിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും. റിസർവ് ബാങ്ക് റിപ്പോ റേറ്റ് വർധിപ്പിച്ചാൽ പലിശനിരക്കു കൂടും. കുറച്ചാൽ കുറയും. ഫിക്സഡ് റേറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലോട്ടിങ് റേറ്റിന്റെ പലിശ ചില സമയങ്ങളിൽ വളരെ കുറഞ്ഞിരിക്കും. ഹ്രസ്വ കാലയളവാണെങ്കിൽ ഫിക്സഡ് റേറ്റ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
കാലാവധി
സാധാരണയായി ബാങ്കുകൾ 5 മുതൽ 7വർഷംവരെ തിരിച്ചടവ് കാലാവധി അനുവദിക്കാറുണ്ട്. 7വർഷം ആണെങ്കിൽ വായ്പ വീട്ടാൻ കൂടുതൽ സമയം കിട്ടും. എന്നാൽ, ദീർഘകാല വായ്പകൾക്ക് ഉയർന്ന പലിശ നൽകണം. അതുവഴി കൂടുതൽ സാമ്പത്തികബാധ്യതയുമുണ്ടാവും. അതേസമയം, ഇഎംഐ കുറയും.
കാലാവധി കുറയുമ്പോൾ ഇഎംഐ തുക കൂടുതലായിരിക്കും. എന്നാൽ, പലിശയുൾപ്പെടെ തിരിച്ചടയ്ക്കുന്ന മൊത്തം തുക ദീർഘ കാലയളവിനെക്കാൾ കുറവായിരിക്കും. ഹ്രസ്വകാല വായ്പകളെ അപേക്ഷിച്ച് 50 ബേസിക് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശനിരക്കാണ് ദീർഘകാല വായ്പകളിൽ ഈടാക്കുന്നത്.
ഉദാഹരണത്തിന്, 9.5% പലിശനിരക്കിൽ 8 ലക്ഷം രൂപ വായ്പ എടുത്തെന്നിരിക്കട്ടെ. നാലു വർഷത്തേക്കാണെങ്കിൽ ഇ.എം.ഐ 20,099 രൂപയും എട്ടു വർഷത്തേക്കാണെങ്കിൽ 11,929 രൂപയുമാണ്. ദീർഘകാലത്തേക്കാണെങ്കിൽ പ്രതിമാസ ഇ.എം.ഐയിൽ പകുതിയോളം കുറവു ലഭിക്കും. എന്നാൽ 4 വർഷത്തേക്കുള്ള പലിശ 1.64 ലക്ഷം രൂപയാണ്. അതേസമയം 8 വർഷത്തേക്കാണെങ്കിൽ പലിശയായി 3.45 ലക്ഷം രൂപയാണ് അധികം അടയ്ക്കേണ്ടിവരിക. കഴിയുമെങ്കിൽ ഹ്രസ്വകാലയളവു തിരഞ്ഞെടുക്കുന്നതാണു നല്ലത്.
ഡിപ്രീസിയേഷൻ കണക്കിലെടുക്കണം
കാലം കഴിയുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുവരും. ഒരു കാറിന്റെ ശരാശരി ഉപയോഗ കാലയളവായി കണക്കാക്കുന്നത് 5 വർഷമാണ്. അതു കഴിഞ്ഞാൽ യൂസ്ഡ് കാറിന്റെ വിലയേ ലഭിക്കൂ. പലരും 5 വർഷം കഴിയുമ്പോൾ മോഡൽ മാറ്റാറുണ്ട്. ഒരുപക്ഷേ, അപ്പോഴും വായ്പ തീർന്നിട്ടുണ്ടാകില്ല. കാർ വിറ്റശേഷവും കുടിശികയുള്ള വായ്പ അടയ്ക്കേണ്ടിവരും.
വാഹനവായ്പ ബാധ്യതയാകുന്നതെപ്പോൾ?
ഏതു വായ്പയായാലും എടുക്കുന്നതിനു മുൻപ് വരുംവരായ്കകൾ അറിഞ്ഞിരിക്കുക. എല്ലാ മാസവും കൃത്യമായി തിരിച്ചടയ്ക്കാൻ ശേഷിയുണ്ടെങ്കിൽ മാത്രം വായ്പയെ ആശ്രയിച്ചാൽ മതി. പറഞ്ഞ തീയതിക്കു മുൻപുതന്നെ ഇഎംഐ അടയ്ക്കണം. തിരിച്ചടവു മുടങ്ങിയാൽ പിഴ നൽകേണ്ടിവരും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയും. ഇതു ഭാവിയിൽ ബാങ്കിനെ ആശ്രയിക്കുമ്പോൾ തിരിച്ചടിയായേക്കാം.
സർവീസ്
പുതിയ കാറാണെങ്കിൽ ആദ്യ മൂന്നു സർവീസ് സൗജന്യമായിരിക്കും. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണി വന്നാൽ നല്ലൊരു തുക ചെലവാകും. ഇതുകൂടി കണക്കിലെടുത്തുവേണം വായ്പാതുക തീരുമാനിക്കാൻ.
പലിശനിരക്ക്
വാഹനവായ്പ നൽകാൻ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഒട്ടേറെ ഓഫറുകൾ ഉപയോക്താക്കൾക്കു കൊടുക്കാറുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽനിന്നു മാത്രം വായ്പയെടുക്കുക. പ്രധാന ബാങ്കുകളുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യുക. പ്രത്യക്ഷത്തിൽ പലിശ കുറഞ്ഞതുകൊണ്ടായില്ല. പ്രോസസിങ് ചാർജ്, ഹിഡൻ ചാർജുകൾ എന്നിവയുണ്ടോയെന്നു നോക്കുക.
ക്രെഡിറ്റ് സ്കോർ
മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മികച്ച പലിശനിരക്കിൽ വായ്പ ലഭിക്കും. അമിതമായ പല ചാർജുകൾ എഴുതിത്തള്ളാനും ബാങ്കുമായി വിലപേശാം. സ്കോർ കുറവാണെങ്കിൽ പലിശനിരക്ക് കൂടുതലായേക്കാം. നിങ്ങൾ സ്ഥിരമായി ഇടപാട് നടത്തുന്ന ബാങ്ക് ആണെങ്കിൽ, അവരുടെ ഗുഡ് കസ്റ്റമർ ലിസ്റ്റിൽ ഉണ്ടെങ്കിൽ നിരക്കിളവു ലഭിക്കും. വായ്പയെടുക്കുന്ന വ്യക്തിയുടെ ജോലി, തിരിച്ചടവുശേഷി എന്നിവയും പലിശനിരക്കു നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കാറുണ്ട്. സ്വകാര്യ ബാങ്കുകളാണെങ്കിൽ 90-95% വരെ വായ്പ അനുവദിക്കാറുണ്ട്. പൊതുമേഖലാ ബാങ്കുകൾ സാധാരണയായി 80% വരെയേ നൽകാറുള്ളൂ. കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കാൻ ബാങ്കിന് അധികാരമുണ്ട്. ചില ഡീലർഷിപ്പുകൾ ബാങ്ക് അല്ലാത്ത ധനകാര്യ സ്ഥാപനങ്ങൾ മുഖേന വായ്പാസൗകര്യം ഏർപ്പെടുത്താറുണ്ട്. ഫിക്സഡ് റേറ്റിൽ ബാങ്കുകളെക്കാൾ ഉയർന്ന പലിശ അവർ ഈടാക്കിയേക്കാം. അത്തരം വായ്പകൾ എടുക്കുന്നതിനു മുൻപ് വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കുക.
സീറോ ഡൗൺപേയ്മെന്റ് കെണി
ഇതിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. വാഹനത്തിന്റെ മുഴുവൻ തുകയും വായ്പയായി അനുവദിക്കുകയാണെങ്കിൽ വൻ തുക ഉയർന്ന പലിശനിരക്കിൽ തിരിച്ചടയ്ക്കേണ്ടിവരും. വലിയ ബാധ്യതയിലേക്ക് ഇതു നയിക്കും. അതിനാൽ വാഹനവിലയുടെ ഒരു ഭാഗം ഉപയോക്താവുതന്നെ വഹിക്കുന്നതാണു നല്ലത്. ബാങ്ക് അല്ലാത്ത ഇതര ധനകാര്യ സ്ഥാപനങ്ങളും വാഹനവായ്പ നൽകാറുണ്ട്.
വായ്പ മുൻകൂട്ടി തിരിച്ചടച്ചാൽ പിഴ നൽകണോ?
അഞ്ചു വർഷത്തെ കാലാവധിയിൽ വാഹനവായ്പ എടുത്തെന്നിരിക്കട്ടെ. രണ്ടു വർഷം കഴിഞ്ഞപ്പോൾ വായ്പ മുഴുവൻ തിരിച്ചടച്ചാൽ ചില ബാങ്കുകൾ പിഴ ചുമത്താറുണ്ട്. വായ്പ എടുക്കുന്നതിനുമുൻപ്, തുക മുൻകൂറായി തിരിച്ചടച്ചാൽ പ്രീ പേയ്മെന്റ് ചാർജ് ഈടാക്കുന്നുണ്ടോ എന്നു മനസ്സിലാക്കുക. ആർ.ബി.ഐ
നിയമപ്രകാരം, ബിസിനസ് ആവശ്യങ്ങൾക്ക് അല്ലാത്ത വ്യക്തിഗത വായ്പകൾക്ക് ഫ്ലോട്ടിങ് റേറ്റിന് ഫോർക്ലോഷർ ചാർജ് ഈടാക്കാൻ പാടില്ല. ചില ബാങ്കുകൾ ഫിക്സഡ് റേറ്റിലാകും വായ്പ നൽകുക. ഒരു വർഷത്തിനുള്ളിൽ വായ്പ അടച്ചുതീർത്താൽ തുകയുടെ 2% വരെ (ജിഎസ്ടി ഉൾപ്പെടെ) നിരക്കിൽ ഫോർക്ലോഷർ ചാർജ് ഈടാക്കിയേക്കും.
ആക്സസറീസ് വേണോ?
പുതിയ കാർ വാങ്ങിയാൽ മിക്കവരും പലതരം ആക്സസറികൾ ഫിറ്റ് ചെയ്യാറുണ്ട്. ഇത് അധിക ബാധ്യതയാണ്. ആക്സസറീസ് ഫിറ്റ് ചെയ്യുന്നതിനു മുൻപ് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക:
1. ടയർസൈസ്, വീൽസൈസ് അപ്‌ഗ്രേഡ്, ബംപർ, അനുവദനീയമായ പരിധിയിലും കൂടുതൽ വാട്സ് ഉള്ള ഹെഡ്‌ലൈറ്റ്, ഉയർന്ന ഡെസിബലോടുകൂടിയ ഹോൺ, ക്യാമറ തുടങ്ങിയവ ഘടിപ്പിച്ചാൽ വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിന്റെ പിടിവീഴാം.
2. വാഹനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റം മാറ്റുന്നത് ഉദ്യോഗസ്ഥർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അവനവനുതന്നെ വിനയാകും. കഴിഞ്ഞ വർഷം ആറിടങ്ങളിൽ, ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു നശിച്ചതിന്റെ പ്രധാന കാരണം വാഹന രൂപമാറ്റമാണെന്ന് സർക്കാർ നിയോഗിച്ച പഠനസമിതി കണ്ടെത്തിയിരുന്നു. കൂടിയ വാട്സിൽ ലൈറ്റുകൾ പിടിപ്പിച്ച് ഗേജ് കുറഞ്ഞ വയറിങ് ഉപയോഗിക്കുന്നത് തീപിടിത്തത്തിനു കാരണമാകും. രൂപമാറ്റംമൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടപ്പെടാം.
ഹൈപ്പോത്തിക്കേഷൻ ഓൺലൈനായി മാറ്റാം
വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ മാറ്റുന്നതിന് വണ്ടി റജിസ്റ്റർ ചെയ്തിരിക്കുന്ന ആർടി ഓഫിസിലാണ് അപേക്ഷ കൊടുക്കേണ്ടത്. ഇത് പരിവഹൻ സൈറ്റ് വഴി ചെയ്യാം. അപേക്ഷയോടൊപ്പം വായ്പാബാധ്യത തീർന്നതിന്റെ ബാങ്കിൽ ധനകാര്യ സ്ഥാപനത്തിൽനിന്നുള്ള ഫോം 35, എൻഒസി, ആർസി ബുക്ക് എന്നിവയുടെ കോപ്പികൾ അപ്‌ലോഡ് ചെയ്യുക. ഓൺലൈനായി ഫീസ് അടയ്ക്കുക. ആർസി ബുക്ക് നേരിട്ട് ഹാജരാക്കേണ്ടതില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷ പരിശോധിച്ചശേഷം അപ്രൂവ് ചെയ്താൽ പുതിയ ആർസി ബുക്ക് റജിസ്റ്റേഡ് പോസ്റ്റിൽ വീട്ടിലെത്തും. ആർടി ഓഫിസ് സേവനങ്ങൾ ആധാർ അധിഷ്ഠിതമായതിനാൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാത്രമേ നൽകാവൂ.
10 ലക്ഷം എഫ്ഡി ഉണ്ട് ഫുൾ ക്യാഷ് കൊടുക്കണോ? അതോ, വായ്പ എടുക്കണോ?
പത്തുലക്ഷം രൂപയുടെ കാർ വാങ്ങണം. റെഡി ക്യാഷ് കൊടുത്ത് എടുക്കണോ? അതോ, വായ്പയെ ആശ്രയിക്കണോ? പലർക്കും ഉണ്ടാകുന്ന സംശയമാണിത്. പല രീതിയിൽ ഉത്തരം നൽകാം:
ഒന്നാമത്തേത്
നിങ്ങൾ ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ വാഹന വായ്പയെടുക്കുന്നതാണു നല്ലത്. വായ്പയുടെ പലിശ നിങ്ങളുടെ ബാലൻസ്‌ഷീറ്റിൽ ചെലവിനത്തിൽ ഉൾപ്പെടുത്താം. വരുമാനത്തിൽനിന്ന് അതു കുറയും. നികുതി അത്രയും കുറച്ചു കൊടുത്താൽ മതി.
രണ്ടാമത്തേത്
സ്ഥിരനിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ വായ്പയെടുക്കുക. സ്ഥിരനിക്ഷേപത്തിന്റെ 90% വരെ വായ്പ ലഭിക്കും. സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശയുടെ 1% മുതൽ 2% വരെ വായ്പയ്ക്ക് അധികം നൽകണമെന്നു മാത്രം.
ഇങ്ങനെ ചെയ്യുമ്പോൾ വായ്പയ്ക്കുള്ള പ്രോസസിങ് ചാർജ് ഇല്ല. വണ്ടി ബാങ്കിന് ഈട് നൽകേണ്ടതില്ല. വണ്ടിയുടെ ആർസി ബുക്കിൽ ബാധ്യതയുള്ള കാര്യം രേഖപ്പെടുത്തില്ല. സിബിൽ സ്കോർ നോക്കേണ്ട. വേണമെങ്കിൽ വായ്പാ കാലാവധി പൂർത്തിയാവുംമുൻപേ പണം അടച്ച് ക്ലോസ് ചെയ്യാം. അതിനു പെനൽറ്റി വരുന്നില്ല. എപ്പോൾ വേണമെങ്കിലും വണ്ടി വിൽക്കാം. ശ്രദ്ധിക്കേണ്ട കാര്യം വായ്പ അടഞ്ഞുതീരുംവരെ സ്ഥിരനിക്ഷേപം പിൻവലിക്കാനാകില്ല. അല്ലെങ്കിൽ ബാങ്ക് ബാധ്യത തീർത്ത് ബാക്കിയുള്ള തുക മാത്രം കിട്ടും.
മൂന്നാമത്തേത്
വാഹനവായ്പ അതേ ബാങ്കിൽനിന്നുതന്നെ എടുക്കുക. സ്ഥിരനിക്ഷേപത്തിന് 6.5%–7.5% വരെ പലിശ കിട്ടുന്നുണ്ട്. മുതിർന്ന പൗരനാണെങ്കിൽ അര ശതമാനം കൂടുതലും കിട്ടും. വാഹനവായ്പയ്ക്ക് 8.5% മുതൽ മുകളിലേക്കു പലിശ വരും. അതായത് എഫ്ഡി പലിശയെക്കാൾ 2% കൂടുതൽ. മാസം തോറുമുള്ള വായ്പാ തിരിച്ചടവ് സ്ഥിരനിക്ഷേപ പലിശയിൽ നിന്നു തനിയെ നടന്നോളും. അധികം വേണ്ട തുക മാത്രം കണ്ടെത്തിയാൽ മതി.
വാഹനവായ്പാ തുകയെക്കാൾ കൂടുതൽ തുകയ്ക്കു സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതിന്റെ പലിശയിൽനിന്നുതന്നെ മാസത്തവണ അടയുകയും ചെയ്യും. എപ്പോൾ വേണമെങ്കിലും സ്ഥിരനിക്ഷേപം പിൻവലിക്കാം. വായ്പാ പലിശ മാസംതോറും കൊടുക്കാൻ വേറേ വഴി കണ്ടെത്തണമെന്നു മാത്രം. മറ്റു നടപടിക്രമങ്ങളെല്ലാം (സിബിൽ സ്കോർ, ഹൈപ്പോത്തിക്കേഷൻ, പ്രോസസിങ് ഫീസ് തുടങ്ങിയവ) ഈ വായ്പയ്ക്കും വേണ്ടിവരും. ഏതു രീതിയിലായാലും എഫ്ഡി ബാങ്കിൽ സുരക്ഷിതമായിരിക്കും.
Kerala
നാലുവർഷമായി ശമ്പളമില്ല; പകല്‍ സ്‌കൂളില്‍ അധ്യാപകന്‍, ജീവിക്കാനായി രാത്രി തട്ടുകടയിലെ ജോലി


കോഴിക്കോട്: സ്‌കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. ജീന്‍സും ടീഷര്‍ട്ടുമിട്ട് റെഡിയാവും. പിന്നെ ആരുംകാണാതെ കുറച്ച് ദൂരെയുള്ള തട്ടുകടയിലേക്ക്. ഭക്ഷണം കഴിക്കാനല്ല ഈ പോക്ക്. വിളമ്പാനും മറ്റും സഹായിയായാണ്. ഈ വേഷത്തില്‍ ‘ഉള്ളിലെ’ അധ്യാപകനെ അധികമാരും തിരിച്ചറിയില്ലെന്ന പ്രതീക്ഷയില്‍ പാതിരവരെ ജോലി. രാവിലെ വീണ്ടും സ്‌കൂളിലേക്ക്, വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി.നിയമനാംഗീകാരം കിട്ടാത്തതിനാല്‍ നാലുവര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോഴിക്കോട് നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണിത്.
കുറെക്കാലം രാത്രി വസ്ത്രക്കടകളില്‍ സെയില്‍സ്മാനായിട്ടാണ് ജീവിക്കാന്‍ വഴി കണ്ടെത്തിയിരുന്നത്. അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ പറയും, ‘സുഹൃത്തിന്റെ കടയാണ്, കാണാന്‍ വന്നതാണ്’ എന്നൊക്കെ. ”ശമ്പളമില്ലാതെ ജോലിയുണ്ടായിട്ട് എന്തുകാര്യം. സ്‌കൂളിലും വീട്ടിലും പണച്ചെലവ് വരുന്ന സാഹചര്യങ്ങളിലെല്ലാം മാറിനില്‍ക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ഗതികേട്.
സ്‌കൂളില്‍ അധ്യാപകരൊന്നിച്ച് യാത്രപോകാന്‍ പദ്ധതിയിടുമ്പോള്‍ കല്യാണത്തിന് പോവാനുണ്ടെന്നോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറും. എല്ലാവരുംകൂടി പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാലും വയറുവേദനയാണെന്നോ മറ്റോ പറഞ്ഞ് ഒഴിയും. അല്ലാതെ എന്തുചെയ്യും” -അദ്ദേഹം നെടുവീര്‍പ്പോടെ ചോദിക്കുന്നു.
ചിലപ്പോള്‍ ബസ് ടിക്കറ്റിനുള്ള പണംപോലും തികച്ചുണ്ടാവില്ല കൈയില്‍. പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയാല്‍ ഇങ്ങനെയുള്ള അധ്യാപകര്‍ കാത്തുനില്‍ക്കും. നാലുപേര്‍ വന്നാല്‍ ഓട്ടോയ്ക്ക് ഷെയര്‍ചെയ്ത് പോവാമല്ലോയെന്ന് കരുതി.
”പൈസയും ഇല്ല, വീടും ഇല്ല, ഒന്നുമില്ല! പലപ്പോഴും മാനസികവിഭ്രാന്തിയുടെ വക്കിലെത്തുന്ന സ്ഥിതി. കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നത്.”
കണ്ണീരോടെ അധ്യാപിക…
ഭര്‍ത്താവ് മരിച്ചപ്പോള്‍ ചെറിയ മൂന്നുകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. ഒരു സഹായമാവട്ടെ എന്നുകരുതിയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലി നല്‍കിയത്. പക്ഷേ, നിയമനാംഗീകാരമാവാത്തതിനാല്‍ ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.
ഇപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും പഠിപ്പിക്കാനുംവരെ വഴിയില്ല. ചെറിയ കുട്ടികളായതിനാല്‍ അവര്‍ക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കുവിട്ട് മറ്റുജോലിക്കൊന്നും പോകാനും വയ്യ” -കണ്ണീരോടെ ഒരു അധ്യാപിക പറയുന്നു.
”കൂടെയുള്ള അധ്യാപകര്‍ രാത്രിയിലൊക്കെ ജോലിക്കുപോകും. സ്ത്രീകള്‍ക്ക് രാത്രി ഓട്ടോ ഓടിക്കാനും തട്ടുകടയില്‍ നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടല്ലേ. വഴികളെല്ലാം അടഞ്ഞ അവസ്ഥ. സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ എല്ലാ മാസവും പിരിവെടുത്ത് തരുന്ന ചെറിയ തുകകൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.”
Kerala
സ്ത്രീയെ കെട്ടിയിട്ട് കവര്‍ച്ച; സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ മകനും കസ്റ്റഡിയിൽ


കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരിയായ കൃഷ്ണമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൃഷ്ണമ്മയുടെ സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന ദീപയുടെ മകന്‍ നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണംമൂല പുത്തന്‍വീട്ടില്‍ അഖില്‍ (22) അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍നിന്നു പിടികൂടിയ ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡുചെയ്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച അഖിലുമായി പ്രദേശത്ത് തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.
അഖിലിനെ ഞായറാഴ്ച നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശത്തും കണ്ടതായി രാമങ്കരി പോലീസിനു വിവരം ലഭിച്ചു. യൂണിഫോമിലല്ലാതെ സ്ഥലത്തെത്തിയ രാമങ്കരി പോലീസ് സംഘം അഖിലിനെ കണ്ടെത്തുകയും രഹസ്യമായി പിന്തുടരുകയും ചെയ്തു. ഒപ്പംതന്നെ ബാലരാമപുരം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഒരു ഓട്ടോ ഡ്രൈവറുമായി അഖില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ.യെയും സംഘത്തെയും കണ്ട് ഇയാള്‍ ഓടി.
പോലീസ് പിന്തുടര്‍ന്നപ്പോള്‍ കനാലില്‍ ചാടി നീന്തിപ്പോകുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാര്‍ക്കൊപ്പം പോലീസും നടത്തിയ തിരച്ചിലില്‍ കനാല്‍ക്കരയിലെ പൊന്തക്കാട്ടില്‍ ഒളിച്ചനിലയില്‍ രാത്രിയോടെ ഇയാളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ രാജേഷ് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കവര്‍ച്ചയെപ്പറ്റി അഖില്‍ നല്‍കിയത്. ഇതു തമ്മില്‍ പരിശോധിച്ചശേഷമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച വെളുപ്പിനെ രണ്ടരയോടെയാണ് മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന ദിവസംതന്നെ രാജേഷ് ബാലരാമപുരത്ത് പോലീസിന്റെ പിടിയിലായി.
മൂന്നരപ്പവന്റെ ആഭരണങ്ങള്‍, 36,000 രൂപ, എ.ടി.എം. കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായിയായി നിന്ന തിരുവനന്തപുരം സ്വദേശി ദീപ (കല), മക്കളായ അഖില, അഖില്‍ എന്നിവരാണ് തന്നെക്കൂടാതെ കവര്‍ച്ചയില്‍ പങ്കുള്ളവരെന്ന് രാജേഷ് മൊഴി നല്‍കിയത്.കൃത്യത്തിന് ഒരാഴ്ചമുന്‍പ് കൃഷ്ണമ്മയുടെ വീട്ടില്‍ താമസമാക്കിയ ദീപയാണ് മക്കളുടെ കൂടി സഹായത്തോടെ സംഭവം ആസൂത്രണം ചെയ്തത്. മക്കള്‍ക്കുപുറമേ സഹായത്തിനായി തന്നെയും ഒപ്പം കൂട്ടുകയായിരുന്നു- എന്നാണ് രാജേഷ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൃഷ്ണമ്മ ദീപയെ സംശയിച്ചിരുന്നില്ല. നിലവില്‍ ദീപ ഒളിവിലാണ്.
Kerala
തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം, 15 സീറ്റുകൾ; 13 ഇടത്ത് യു.ഡി.എഫ്,എസ്.ഡി.പി.ഐ 1


തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും ജയിച്ചു.മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്കാണ് വിജയിച്ചത്. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.
പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം ൃവാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 162 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫ് അംഗം കൂറുമാറി അയോഗ്യനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ് വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ബിജിമോൾ മാത്യു ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡിൽ എൽഡിഎഫ് വിജയിച്ചു.
കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിച്ചു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു.
തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി.ഹരികുമാറിന് ജയം.
തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. 48 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫിന് ജയം. ബിൻസി ഷാബു വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജീവി സ്കൂൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
കോഴിക്കോട് പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടിൽ അജയനാണു വിജയിച്ചത്. 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.
കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സൂര്യ ഗോപാലൻ വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായ അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുലിപ്പാറയിലെ വിജയത്തോടെ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ധിച്ചു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്