അഭിമന്യു വധക്കേസ്: കാണാതായ രേഖകളുടെ പകർപ്പ് സമർപ്പിച്ചു

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി എ. അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്ന് വിചാരണക്കോടതിക്ക് കൈമാറി. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.
11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കിയത്. വിചാരണയെ ഇത് ബാധിക്കില്ലെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജ് പറഞ്ഞു. രേഖ കാണാതായ സംഭവത്തില്‍ കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് യാതൊരു ആശങ്കയും ഇല്ലെന്നും മോഹന്‍രാജ് വ്യക്തമാക്കി.
2018 ജൂണ്‍ ഒന്നിനാണ് മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. വിചാരണ തുടങ്ങാനിരിക്കെ കുറ്റപത്രം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ആശുപത്രിയിലെ രേഖകള്‍, കാഷ്വാലിറ്റി രജിസ്റ്റര്‍, കസ്റ്റമര്‍ ആപ്ലിക്കേഷന്‍, സൈറ്റ് പ്ലാന്‍, കോളേജില്‍ നിന്ന് നല്കിയ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് നഷ്ടമായത്.
രേഖകള്‍ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാരില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തല്‍. രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഷയം വിചാരണ കോടതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
രേഖകള്‍ കാണാതായത് സംബന്ധിച്ച് സെഷന്‍സ് കോടതി ഹൈക്കോടതിയെ അറിയിക്കുകയും തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഹൈക്കോടതി രേഖകള്‍ പുനഃസൃഷ്ടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് നഷ്ടപ്പെട്ട 11 രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
കോടതിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകള്‍ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.