പേ.ടി.എം ഫാസ്ടാഗ് ഇനി റീച്ചാര്‍ജ് ചെയ്യാനാവില്ല, അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം ?

ന്യൂഡല്‍ഹി: പേ.ടി.എം പേമെന്റ്‌സ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് റിസര്‍വ്ബാങ്ക് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാര്‍ച്ച് 15 വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാനോ ബാലന്‍സ് വര്‍ധിപ്പിക്കാനോ കഴിയില്ല. ബാലന്‍സ് ഇല്ലാത്ത ഫാസ്ടാഗുമായി ടോളുകളില്‍ യാത്ര ചെയ്താല്‍ അധിക തുക നല്‍കേണ്ടതായി വരും.
പേ.ടി.എം ഫാസ്ടാഗ് അക്കൗണ്ട് നിര്‍ത്തലാക്കി പുതിയ മറ്റൊരു സേവനത്തെ അതിനായി ആശ്രയിക്കുകയാണ് ഈ പ്രശ്‌നത്തിനുള്ള പോം വഴി. പേ.ടി.എം ഫാസ്ടാഗ് മാറ്റി പുതിയ ഫാസ്ടാഗ് വാങ്ങാന്‍ ദേശീയ ഹൈവേ അതോറിറ്റി വാഹനമുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും ഫാസ് ടാഗില്‍ വലിയൊരു തുക ബാലന്‍സ് ഉള്ളവര്‍ക്ക് അത് തീരും വരെ ടോളുകളില്‍ യാത്ര ചെയ്യാനാവും.
പേ.ടി.എം പേമെന്റ്‌സ് ബാങ്കിന്റെ ഫാസ്ടാഗ് അക്കൗണ്ട് എങ്ങനെ നിര്‍ത്തലാക്കാം. പേ.ടി.എം ആപ്പില്‍ തന്നെ അതിനുള്ള വഴിയുണ്ട്.
അതിനായി ആദ്യം പേ.ടി.എം ആപ്പ് തുറക്കുക, സെര്‍ച്ച് മെനുവില്‍ ‘മാനേജ് ഫാസ്ടാഗ്’ എന്ന് സെര്‍ച്ച് ചെയ്യുക.
ഫാസ്ടാഗ് സെക്ഷനില്‍ പേ.ടി.എം പേമെന്റ്‌സ് ബാങ്ക് ഫാസ്ടാഗുമായി ബന്ധിപ്പിച്ച നിങ്ങളുടെ വാഹനങ്ങളുടെ പട്ടിക കാണാം.
മുകളില്‍ വലത് ഭാഗത്തുള്ള ‘ക്ലോസ് ഫാസ്ടാഗ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ഏത് വാഹനത്തിന്റെ ഫാസ്ടാഗ് ആണ് നിര്‍ത്തലാക്കേണ്ടത് എന്ന് തികഞ്ഞെടുക്കുക. പ്രൊസീഡ് ക്ലിക്ക് ചെയ്യുന്നതോടെ ഒരു സ്ഥിരീകരണ സന്ദേശം സ്‌ക്രീനില്‍ തെളിയും. അഞ്ചോ ഏഴോ ദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ട് നിര്‍ത്തലാവും.
അക്കൗണ്ട് നിര്‍ത്തലായാല്‍ ഫാസ്ടാഗിന്റെ ഭാഗമായുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റും ഫാസ്ടാഗിലെ ബാക്കി തുകയും പേ.ടി.എം പേമെന്റ്‌സ് ബാങ്ക് വാലറ്റിലേക്ക് റീഫണ്ട് ചെയ്യും.
അതേസമയം മറ്റ് ബാങ്കുകളുമായി ചേര്‍ന്ന് യു.പി.ഐ സൗകര്യം ലഭ്യമാക്കാന്‍ പേ.ടി.എമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി.
ആക്‌സിസ് ബാങ്ക്, എച്ച്ഡി.എഫ്.സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നീ ബാങ്കുകളായിരിക്കും വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ യു.പി.ഐ സേവനങ്ങള്‍ക്കായുള്ള പേമെന്റ് സിസ്റ്റം പ്രൊവഡര്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുക.