ബിരുദപഠനത്തിന് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിലിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Share our post

ബിരുദപഠനത്തിന് 2023-24 അധ്യയനവർഷത്തേക്ക് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. മൊത്തം 1000 സ്കോളർഷിപ്പാണ് നൽകുന്നത്. പൊതുവിഭാഗക്കാർക്ക് 50 ശതമാനം സ്കോളർഷിപ്പുകൾ അനുവദിക്കും. മറ്റു വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് ശതമാനം: എസ്.സി./എസ്.ടി.-10, ഒ.ബി.സി.-27, ബി.പി.എൽ.-10, ഭിന്നശേഷി-3.

സ്‌കോളർഷിപ്പ് തുക

മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. കോഴ്‌സിന്റെ ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാംവർഷം 24,000 രൂപയും. തുടർന്ന് പി.ജി. പഠനം നടത്തുന്നുണ്ടെങ്കിൽ, രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപ (സ്കോളർഷിപ്പ് തുക പുനർനിർണയിക്കപ്പെട്ടേക്കാം).

40 ശതമാനമോ മുകളിലോ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പായി ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് തുടർവർഷങ്ങളിൽ അതു പുതുക്കിലഭിക്കാൻ അക്കാദമിക് മികവ് തെളിയിക്കണം.

യോഗ്യത

ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ച ആകെ സീറ്റുകൾക്ക് ആനുപാതികമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകർ ഇന്ത്യൻ പൗരരായിരിക്കണം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ, കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ എയ്ഡഡ് ബിരുദതല കോഴ്‌സിലോ സമാനമായ കോഴ്‌സുകളിൽ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2023-24ൽ, ഒന്നാംവർഷം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ/സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷിക്കാൻ പ്ലസ്ടു തലത്തിൽ ലഭിച്ചിരിക്കേണ്ട മിനിമം മാർക്ക് (ശതമാനം) ഇപ്രകാരമാണ്:

* എസ്.ടി.: എല്ലാ വിഷയങ്ങൾക്കും പാസ് മാർക്ക് വേണം

* എസ്.സി.: സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്-55, ബിസിനസ് സ്റ്റഡീസ്- 60

* ഭിന്നശേഷി: എല്ലാ വിഷയങ്ങൾക്കും 45

* ബി.പി.എൽ., ഒ.ബി.സി.: സയൻസ്-60,

ഹ്യുമാനിറ്റീസ് ആൻഡ്‌ സോഷ്യൽ സയൻസ്: 55, ബിസിനസ് സ്റ്റഡീസ്-65

* പൊതുവിഭാഗം: സയൻസ് ആൻഡ് ബിസിനസ് സ്റ്റഡീസ്-75, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്-60. ഫീസ് ആനുകൂല്യം ഒഴികെ, മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ്/സ്റ്റൈപ്പെൻഡ് ലഭിക്കുന്നവർക്ക് ഈ സ്കോളർഷിപ്പിന് അർഹതയില്ല. പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംപ്‌സംഗ്രാന്റ്, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഹിന്ദി സ്കോളർഷിപ്പ് എന്നിവയെ ഈ വ്യവസ്ഥയുടെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ

scholarship.kshec.kerala.gov.in വഴി മാർച്ച് 18 വരെ അപേക്ഷിക്കാം. നടപടിക്രമം വിശദമായി വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.അപേക്ഷയുടെ പ്രിന്റ്ഔട്ടും നിശ്ചിത രേഖകളും ഏപ്രിൽ രണ്ടിനകം, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്ക് നൽകണം. അടുത്ത ഘട്ടം സ്ഥാപനതലത്തിലുള്ള പരിശോധനയും അംഗീകാരം നൽകലുമാണ്. 15-നകം സ്ഥാപനമേധാവി ഓൺലൈനായി ഇത് പൂർത്തിയാക്കണം.സൂക്ഷ്മപരിശോധന നടത്തിയ അപേക്ഷകൾ സ്ഥാപനത്തിൽ സൂക്ഷിക്കണം.പ്രൊവിഷണൽ പട്ടിക പ്രസിദ്ധീകരിച്ചശേഷം, കൗൺസിൽ നിശ്ചയിക്കുന്ന സമയപരിധിക്കകം അതിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ അപേക്ഷാഫോമുകളുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഓഫീസിൽ പരിശോധനയ്ക്കായി ലഭ്യമാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!