എം.ഡി.എം.എ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും പിഴയും

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ വച്ച് പത്ത് ലക്ഷത്തിലധികം വില വരുന്ന എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കാസർകോട് സ്വദേശി മുഹമ്മദ് ഹാരിഫി (27) നാണ് വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോർട്ട് ജഡ്ജി സുരേഷ് ബാബു ശിക്ഷ വിധിച്ചത്. ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ പൂർത്തിയായത്.
2023 ജനുവരി ആറിനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ 205 ഗ്രാമോളം എം.ഡി.എം.എ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്ല്യത്തിന്റെ നേതൃത്വത്തിൽ ആർ.പി.എഫ് എസ്.ഐ എൻ.കെ.ശശിയുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർമാരായ ടി.രാഗേഷ്, പി.എൽ.ഷിബു എന്നിവർ ചേർന്നാണ് കേസിന്റെ തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോർജും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.പി.സുനിൽകുമാർ ഹാജരായി.