ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്ര പോലീസിൽ സബ് ഇന്‍സ്‌പെക്ടറാവാന്‍ അവസരം

Share our post

കേന്ദ്ര സായുധ പോലീസ് സേനകളിലെയും ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിതകൾക്കും അപേക്ഷിക്കാം. സായുധ പോലീസ് സേനകളിൽ 4001 ഒഴിവും (പുരുഷൻ-3693, വനിത-308) ഡൽഹി പോലീസിൽ 186 ഒഴിവുമാണ് (പുരുഷൻ-125, വനിത-61) ഉള്ളത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 9, 10, 13 തീയതികളിൽ നടക്കും.

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദം/ തത്തുല്യം. അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. 01.08.2024-നകം യോഗ്യത നേടിയാൽമതി. ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർഥികൾ ശാരീരികക്ഷമതാ പരീക്ഷയ്ക്ക്‌ മുൻപായി എൽ.എം.വി. ലൈസൻസ് നേടണം.

പ്രായം: 01.08.2024-ന് 20-25 വയസ്സ് (അപേക്ഷകർ 02.08.1999-നുമുൻപോ 01.08.2004-നുശേഷമോ ജനിച്ചവരായിരിക്കരുത്). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഡൽഹി പോലീസിലെ നിയമനത്തിന് വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40 വയസ്സുവരെ) അപേക്ഷിക്കാം.

ശാരീരികയോഗ്യത: പുരുഷന്മാർക്ക് 170 സെ.മീ.യും (എസ്.ടി. വിഭാഗം-162.5 സെ.മീ.) വനിതകൾക്ക് 157 സെ.മീ.യും (എസ്.ടി. വിഭാഗം-154 സെ.മീ.) ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് 80 സെ.മീ. നെഞ്ചളവും (വികാസം 82 സെ.മീ.) വേണം. അപേക്ഷകർക്കെല്ലാം ഉയരത്തിനനുസരിച്ച ശരീരഭാരം ഉണ്ടായിരിക്കണം. മികച്ച കാഴ്ചശക്തിയും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്: പേപ്പർ-1, പേപ്പർ-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ശാരീരികക്ഷമതാപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഒന്നാം പേപ്പർ പരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ശാരീരികക്ഷമതാ പരീക്ഷയുണ്ടാവും. അതിലും യോഗ്യത നേടിയാലാണ് രണ്ടാംപേപ്പർ അഭിമുഖീകരിക്കേണ്ടത്.
പരീക്ഷ പേപ്പർ-1, പേപ്പർ-II പരീക്ഷകൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും. രണ്ടുമണിക്കൂറാണ് സമയം. ഒന്നാംപേപ്പറിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയാണ് വിഷയങ്ങൾ. ചോദ്യങ്ങളുടെ എണ്ണം, മാർക്ക് തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക. ജനറൽ വിഭാഗക്കാർക്ക് 30 ശതമാനവും ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 25 ശതമാനവും മറ്റ്‌ വിഭാഗങ്ങൾക്ക് 20 ശതമാനവുമാണ് പാസാവാൻവേണ്ട മാർക്ക്. രണ്ടാംപേപ്പറിന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷനായിരിക്കും വിഷയം.

പരീക്ഷാകേന്ദ്രങ്ങൾ: ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക-കേരള റീജന് (കെ.കെ.ആർ.) കീഴിലാണ് കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഓരോ ഉദ്യോഗാർഥിക്കും ഒരു റീജനുള്ളിൽ മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല.

ശാരീരികക്ഷമതാപരീക്ഷ: പുരുഷന്മാർക്ക് 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 6.5 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 3.65 മീറ്റർ ലോങ് ജംപ്, 1.2 മീറ്റർ ഹൈ ജംപ്, 16 Lbs ലോങ് ജംപ് എന്നിവയായിരിക്കും ഇനങ്ങൾ. വനിതകൾക്ക് 18 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, നാല് മിനിറ്റിൽ 800 മീറ്റർ ഓട്ടം, ലോങ് ജംപ് (2.7 മീറ്റർ), ഹൈ ജംപ് 0.9 മീറ്റർ എന്നിവയായിരിക്കും ഇനങ്ങൾ.

അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. മാർച്ച് 29 വരെ ഫീസ് അടയ്ക്കാം ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്‌ട്രേഷനുശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28. ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് മാർച്ച് 30, 31 തീയതികളിൽ സമയമനുവദിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!