ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; സമിതി റിപ്പോര്‍ട്ടില്‍ പ്രധാനമായും പത്തു നിര്‍ദേശങ്ങള്‍, വിശദാംശങ്ങള്‍

Share our post

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശകള്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു.

ആദ്യ ചുവടുവയ്പ്പായി ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കണമെന്നാണു ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ ശുപാര്‍ശ. ഒറ്റതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ഏകീകരണത്തിനും ജനാധിപത്യ അടിത്തറയെ ശക്തമാക്കാനും ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും സഹായകമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുമ്പോള്‍ വിഭവങ്ങളുടെ അനാവശ്യ ഉപയോഗം തടയാനും വികസനവേഗത്തിലെ തടസങ്ങള്‍ ഒഴിവാക്കാനും ജനാധിപത്യ അടിത്തറ ഉറച്ചതാക്കാനും കഴിയുമെന്ന് 18,000 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ 321 പേജുകളാണ് മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയത്.

പ്രധാനമായും പത്ത് നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിട്ടുള്ളത്

എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് വരുന്നത് വികസനത്തെ ബാധിക്കും, ഒരേ ജോലികള്‍ ആവര്‍ത്തിക്കേണ്ടിവരുന്നു, വിഭവങ്ങളുടെ അനാവശ്യമായ ഉപയോഗത്തിനിടയാക്കുന്നു.

ആദ്യ ചുവടുവയ്പ്പായി ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുക. 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്തുക.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് എന്നായിരിക്കണമെന്നു രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.

ആദ്യ സിറ്റിങ് നടക്കുന്നത് നിയമന ദിനമായി പരിഗണിക്കണം.

തൂക്ക് സഭ, അവിശ്വാസപ്രമേയം തുടങ്ങി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭകളോ ലോക്സഭയോ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന സമയത്തേക്ക് മാത്രം തെരഞ്ഞെടുപ്പ്.

സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പു നടത്താന്‍ അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ പട്ടികയും വേണം, ഇതിനും ഭരണഘടനാ ഭേദഗതി.

തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുമ്പോള്‍ അധികമായി വോട്ടിങ് യന്ത്രങ്ങള്‍ അടക്കം ക്രമീകരിക്കണം.

47 രാഷ്ട്രീയ കക്ഷികളാണ് രാംനാഥ് കോവിന്ദ് സമിതിക്കു മുന്നില്‍ അഭിപ്രായം അറിയിച്ചത്. 32 പാര്‍ട്ടികള്‍ ആശയത്തെ പിന്തുണച്ചു. കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി 15 പാര്‍ട്ടികള്‍ എതിര്‍ത്തു. ബിജെപിയും എന്‍ഡിഎയുടെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാത്രമാണ് ഏകീകൃത തെരഞ്ഞെടുപ്പിനെ അനുകൂലിച്ച ദേശീയ പാര്‍ട്ടികള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!