ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം: യുവാവ് മരിച്ചു

ഗൂഡല്ലൂർ: ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (44) മരിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
രാത്രി 10.45 മണിയോടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേയ്ക്കുള്ള വഴിയിൽ പരിസരത്തുള്ള പാൽ സൊസൈറ്റിയ്ക്ക് സമീപം വെച്ചാണ് പ്രശാന്ത് കാട്ടാനയുടെ ആക്രമണത്തിനിരയായത്. സമീപത്തെ വനത്തോട് ചേർന്ന സ്ഥലത്ത് നിന്ന് റോഡിലേക്ക് പെട്ടെന്നിറങ്ങി വന്ന കാട്ടാന പ്രശാന്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഊട്ടി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ തീവ്രപരിചരണത്തിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ മരിച്ചു.
കഴിഞ്ഞ മാർച്ച് എട്ടാം തിയതി വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേർ മസിനഗുഡിയിലും ദേവർ ഷോലയിലും കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.