കേരളത്തിലെ നാട്ടിന്‍പുറങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വരുമാനവും കൂടി

സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. 2023-24 സാമ്പത്തികവര്‍ഷം 617,851 തദ്ദേശസഞ്ചാരികളും 18,260 വിദേശസഞ്ചാരികളും എത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ അഞ്ചുലക്ഷത്തിലധികം സഞ്ചാരികളാണ് ഇത്തവണ എത്തിയത്.
സ്ത്രീസൗഹൃദ വിനോദസഞ്ചാര പാക്കേജുകളില്‍ 15,411 സഞ്ചാരികളുമെത്തി. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സഞ്ചാരികള്‍ക്കായി 140 പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിലുള്ള മൊത്തം സംരംഭങ്ങളുടെ എണ്ണം 25,188 ആയി. 4000-ലധികം സംരംഭങ്ങളുള്ള കോഴിക്കോടാണ് മുന്നില്‍.
ഒരു വിനോദസഞ്ചാരകേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍ കഴിയുന്നതരത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സഞ്ചാരികള്‍ക്ക് എത്താനും താമസിക്കാനും കഴിയുന്ന രീതിയിലേക്ക് മാറ്റുകയാണ് ഉത്തരവാദിത്വ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്.