കേളകത്ത് 18 സ്ഥാപനങ്ങൾക്ക് ഹരിതപദവി

കേളകം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ 18 സ്ഥാപനങ്ങളിൽ ഗ്രേഡിംഗ് നടത്തി ഹരിതപദവി നൽകി. ഹരിത സ്ഥാപനങ്ങളിൽ 6 ന് എ പ്ലസ് ഗ്രേഡും, 12 ന് എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ പാലനം, ഇ- മാലിന്യം,ഉപയോഗ ശൂന്യമയ ഫർണിച്ചർ കൈമാറൽ, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.എ പ്ലസ്, എ ഗ്രേഡ് ലഭിച്ച സ്ഥാപനങ്ങൾക്കുള്ള ഹരിത ഓഫീസ് സർട്ടിഫിക്കറ്റ് വിതരണവും ഹരിത സ്ഥാപന പ്രഖ്യാപനവും പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി.
ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. സ്ഥിര സമിതി അധ്യക്ഷരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്ത് അംഗം സുനിത വാത്യാട്ട്, പഞ്ചായത്ത് സെക്രട്ടറി പി.കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.