വാഗമണ്‍ മലനിരകള്‍ക്ക് മുകളിലൂടെ പറന്ന് സാഹസികര്‍; പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിന് തുടക്കമായി

സാഹസിക വിനോദസഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാഗമണ്ണില്‍ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്‌പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വാഗമണ്ണിലും വര്‍ക്കലയിലുമാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്നാറും അനുയോജ്യമായ പ്രാദേശമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 14 മുതല്‍ 17 വരെയാണ് ഫെസ്റ്റിവെല്‍. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്.) ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) ചേര്‍ന്ന് പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.
നൂറിലധികം അന്തര്‍ദേശീയ, ദേശീയ ഗ്ലൈഡര്‍മാര്‍ പങ്കെടുക്കും. അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും, ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഫെസ്റ്റിവെലിനുണ്ടാകും.
ഉദ്ഘാടന പരിപാടിയില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാരാഗ്ലൈഡിങ്ങിനിടെ വീണ്ടും അപകടം
പറക്കല്‍ കഴിഞ്ഞ് തിരികെ ഇറങ്ങുന്നതിനിടെ പാരാഗ്ലൈഡര്‍ക്ക് പരിക്കേറ്റു. കോലാഹലമേട് അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന പാരാഗ്ലൈഡിങ് ഫെസ്റ്റില്‍ പങ്കെടുത്ത ഗ്ലൈഡര്‍ക്കാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിന് (37) -ആണ് വീണുപരിക്കേറ്റത്. കൈയ്ക്കാണ് പരിക്ക്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബുധനാഴ്ചയും സമാനരീതിയില്‍ അപകടമുണ്ടായിരുന്നു.