കേരള സർവകലാശാല യുവജനോത്സവം: ആരോപണവിധേയനായ വിധികർത്താവ് മരിച്ച നിലയിൽ

കണ്ണൂർ : കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർഗംകളി ഇനത്തിന്റെ വിധികർത്താവായിരുന്ന കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തിൽ പി.എൻ. ഷാജി (ഷാജി പൂത്തട്ട-51) യെയാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രാതൽ കഴിച്ച ശേഷം വീട്ടിനകത്ത് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിധി കർത്താക്കൾ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘർഷം നടന്നിരുന്നു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് മത്സരങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ വി.സി. ഇടപെട്ട് കലോത്സവം നിർത്തിവെക്കുകയായിരുന്നു. ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സർവകലാശാല യൂണിയൻ വാട്സ് ആപ് സന്ദേശം തെളിവായി നൽകി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഷാജിയേയും രണ്ട് പരിശീലകരേയും കന്റോൺമെന്റ് പോലീസ് വേദിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് കന്റോൺമെന്റ് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം കണ്ണൂർ ജില്ലാ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് സിറ്റി പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയായി സിറ്റി പോലീസ് അറിയിച്ചു. നൃത്താധ്യാപകനാണ് മരിച്ച ഷാജി.
അച്ഛൻ : പി. സഹദേവൻ. അമ്മ : പൂത്തട്ട ലളിത. ഭാര്യ : ഷംന (ധർമടം). സഹോദരങ്ങൾ : അനിൽകുമാർ (കാപ്പാട്), പരേതനായ സതീശൻ (അഴീക്കൽ). സംസ്കാരം വ്യാഴാഴ്ച 12-ന് പയ്യാമ്പലത്ത്.