കീം പ്രവേശനപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതം

Share our post

തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (കീം) ഇക്കുറി (2024-25) കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തും. കംപ്യൂട്ടർ ലാബുകളുള്ള എൻജിനിയറിങ് കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളാക്കി ജെ.ഇ.ഇ. പരീക്ഷയുടെ മാതൃകയിൽ നടത്താനാണ് തീരുമാനം.

പരീക്ഷാജോലിക്കായി വിവിധവകുപ്പുകളുടെ സഹായം പ്രവേശനപരീക്ഷാ കമ്മിഷണർ തേടിയിട്ടുണ്ട്. കംപ്യൂട്ടർവിഭാഗത്തിലെ അധ്യാപകരെയോ ഉദ്യോഗസ്ഥരെയോ പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലക്കാരാക്കാനാണ് തീരുമാനം. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കാൻ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു.

കഴിഞ്ഞവർഷംവരെ ഓഫ്‌ലൈനായി വിവിധ സ്‌കൂളുകളുംമറ്റും പരീക്ഷാകേന്ദ്രങ്ങളാക്കിയാണ് കീം നടത്തിയിരുന്നത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ടുപേപ്പറുകളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇനിമുതൽ മൂന്നുമണിക്കൂർനീളുന്ന ഒറ്റപ്പരീക്ഷയായി നടത്തുന്നതിനാണ് ആലോചിച്ചിട്ടുള്ളത്. ജെ.ഇ.ഇ. മാതൃകയിൽ ഒന്നിലധികം ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പലദിവസങ്ങളായി പരീക്ഷ നടത്തേണ്ടിവരും. യഥാർഥ സ്കോറിനുപകരം പെർസന്റയിൽ സ്കോർരീതി സ്വീകരിക്കുന്നതും പരിഗണനയിലുണ്ട്. പ്രോസ്പെക്ടസ് തയ്യാറാകുന്ന മുറയ്ക്കേ ഇക്കാര്യം വ്യക്തമാവുകയുള്ളു.

ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയ്ക്കായി അപേക്ഷിക്കാറുണ്ട്. ഒരുലക്ഷത്തോളം വിദ്യാർഥികൾ എൻജിനിയറിങ്ങിന് മാത്രം അപേക്ഷിക്കുന്നവരാണ്.കേപ്, എൽ.ബി.എസ്, ഐ.എച്ച്.ആർ.ഡി., കെ.എസ്.ആർ.ടി.സി. എന്നിവയുടെയും സർക്കാരിന്റെയും എൻജിനിയറിങ് കോളേജുകൾ, ഹയർസെക്കൻഡറി സ്കൂളുകൾ, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവിടങ്ങളിലെ കംപ്യൂട്ടർ വിഭാഗം അധ്യാപകരോ ഉദ്യോഗസ്ഥരോ ആയിരിക്കും പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട്. എൻജിനിയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ, പോളിടെക്‌നിക് ലക്ചറർ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ തുടങ്ങിയവരെയാണ് ഇതിനായി പരിഗണിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!