കെ-റൈസ് വില്‍പ്പന ഇന്നുമുതല്‍; സപ്ലൈകോ ഗോഡൗണുകളില്‍ അരി എത്തിച്ചു

Share our post

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച ശബരി കെ-റൈസ് ബ്രാന്‍ഡ് അരിയുടെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയാണ് വില്‍പ്പന നടത്തുക. ഇതിനായി ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് അരി എത്തിച്ചു.

ബുധനാഴ്ച ഉച്ച മുതല്‍ തന്നെ ഔട്ട്‌ലെറ്റുകളിലേക്ക് അരി എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ജയ, മട്ട, കുറുവ അരികളാണ് എത്തിച്ചത്. ഒരു റേഷന്‍ കാര്‍ഡിന് അഞ്ച് കിലോഗ്രാം അരിയാണ് നല്‍കുക. കെ-റൈസ് എന്ന ബ്രാന്‍ഡ് പേര് പതിച്ച കുറച്ച് സഞ്ചികളും ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസത്തേക്ക് വില്‍ക്കാന്‍ ആവശ്യമായ കെ-റൈസ് അരിയുടെ സ്റ്റോക്കാണ് നിലവില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയത്. വലിയ ഔട്ട്‌ലെറ്റുകള്‍ക്ക് 40 ചാക്ക് ജയ അരി നല്‍കി. ഈ 2000 കിലോഗ്രാം അരി ഉപയോഗിച്ച് 400 പേര്‍ക്ക് അഞ്ച് കിലോഗ്രാം അരി വീതം നല്‍കാന്‍ കഴിയും. മട്ട അരി 15 ചാക്കാണ് നല്‍കിയത്. അതായത് 750 കിലോഗ്രാം. ഇതുപയോഗിച്ച് അഞ്ച് കിലോഗ്രാം അരി വീതം 150 പേര്‍ക്ക് വിതരണം ചെയ്യാം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കുമെന്ന ഉറപ്പും ഔട്ട്‌ലെറ്റ് അധികൃതര്‍ക്ക് ലഭിച്ചു.

തെലങ്കാനയില്‍ നിന്ന് കടമായാണ് കെ-റൈസിനായുള്ള ജയ അരി കേരളം വാങ്ങിയത്. കിലോഗ്രാമിന് 41 രൂപ നിരക്കില്‍ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും വില്‍ക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഇത്തരത്തില്‍ നഷ്ടം സഹിച്ച് അരി വില്‍ക്കുമ്പോള്‍ സപ്ലൈകോയുടെ ബാധ്യത കൂടും. കെ-റൈസിനായി വാങ്ങിയ അരിയുടെ വില കുടിശ്ശിക വരുത്താതെ വിതരണക്കാര്‍ക്ക് നല്‍കേണ്ടതായുണ്ട്. പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പിന്റെ വേളയില്‍ കെ-റൈസ് വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ബി-റൈസിനെതിരെ കെ-റൈസ്!

സപ്ലൈകോ വഴി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി അരിയാണ് രൂപംമാറി കെ-റൈസായി എത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഭാരത് റൈസിനെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ കെ-റൈസ് കൊണ്ടുവന്നത്. സഞ്ചികളുമായി ആവശ്യക്കാര്‍ പോയി വാങ്ങിയിരുന്ന അരി തുണിസഞ്ചികളില്‍ കെ-റൈസായി എത്തുമ്പോള്‍ വിലയിലും വ്യത്യാസമുണ്ട്. ജയ അരി കിലോ 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി 30 രൂപയ്ക്കുമാണ് ലഭിക്കുന്നത്. 10 കിലോ കിട്ടിയിരുന്ന അരി അഞ്ചു കിലോയേ കിട്ടുകയുള്ളൂ എന്ന വ്യത്യാസവുമുണ്ട്. തിരുവനന്തപുരം മേഖലയില്‍ 29 രൂപയ്ക്ക് മട്ട അരിയും കോട്ടയം എറണാകുളം മേഖലകളില്‍ 30 രൂപയ്ക്ക് മട്ടയും കോഴിക്കോട് 30 രൂപയ്ക്ക് കുറുവ അരിയുമാണ് കെ റൈസ് ബ്രാന്‍ഡിലൂടെ വില്‍ക്കുന്നത്.

നേരത്തേ മാസത്തില്‍ രണ്ടുതവണയായി 10 കിലോ അരി 25 രൂപ നിരക്കില്‍ ലഭിച്ചിരുന്നു. സബ്‌സിഡി അരി വാങ്ങിയിരുന്നവര്‍ക്കെല്ലാം നല്‍കാനുള്ളത്ര കെ-റൈസ് ഡിപ്പോകളില്‍ എത്തിയിട്ടില്ല. ലഭിച്ച അരി വില്‍പ്പനശാലകളില്‍ എത്തിച്ച് പാക്ക് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. ശമ്പളം ലഭിക്കാത്തതിനാല്‍ പാക്കിങ് വിഭാഗത്തിലെ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചത് പാക്കിങ്ങിനെ ബാധിച്ചിട്ടുണ്ട്. രണ്ടും മൂന്നും ജീവനക്കാര്‍ വീതമാണ് ഇപ്പോള്‍ വില്‍പ്പനശാലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറി എത്തുന്നത്. ഇവര്‍ തന്നെയാണ് അരി സഞ്ചികളിലാക്കുന്നതും. ആവശ്യത്തിന് അരി എത്താത്തതിനാല്‍ അരിവിതരണത്തെപ്പറ്റി സപ്ലൈകോ ജീവനക്കാര്‍ക്കും ആശങ്കയുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി പുറത്തിറക്കിയത് സാമ്പത്തിക ലാഭവും രാഷ്ട്രീയ നേട്ടവും ലക്ഷ്യമിട്ടാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ-റൈസിന്റെ വില്‍പ്പന ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 18.59 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് വില്‍ക്കുന്നത്. 10.41 രൂപയാണ് ലാഭം. എന്നാല്‍ 40 രൂപയ്ക്ക് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 29,30 രൂപയ്ക്ക് വില്‍ക്കുന്നത്. 11 രൂപ കുറച്ചാണ് അരി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!