അത്യുത്തരകേരളത്തിൽ ഇനി പൂരക്കാലം: ഒരുങ്ങി കഴകങ്ങൾ,കാവുകൾ

നീലേശ്വരം:വടക്കെ മലബാറിൽ ഇനി പൂരോത്സവത്തിന്റെയും പൂരക്കളിയുടേയും പൂരംകുളിയുടെയും നാളുകൾ. മീനത്തിലെ കാർത്തിക മുതൽ 9 നാൾ നീണ്ടു നിൽക്കുന്ന പൂരോത്സവം പൂരംകുളിയോടെയാണ് സമാപനം . ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളും സ്നാനം ചെയ്യിച്ച് ശുദ്ധി വരുത്തുന്നതാണ് പൂരംകുളിയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. ദേശാധിപരായ ദേവതകളുടെ പൂരംകുളികൾക്ക് സവിശേഷ പ്രധാന്യവുമുണ്ട്.
പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിയ്ക്കും മറത്തുകളിയ്ക്ക് ക്ഷേത്രങ്ങളും മുണ്ട്യകളും കഴകങ്ങളും ദേവസ്ഥാനങ്ങളും ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞു. മുൻനിശ്ചയിച്ച പ്രകാരം മറത്തുകളിക്കായി പണിക്കർമാരെ കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങുകൾ പൂർത്തിയായി. പ്രത്യേകം തയ്യാറാക്കിയ പുറപന്തലിലെ കന്നിമൂലയിൽ ദൈവത്തറയിട്ട് നിലവിളക്ക് കൊളുത്തി പൂരക്കളി നടന്നുവരികയാണിപ്പോൾ. പന്തൽ പൊന്നു വെക്കൽ, കളി കഴകം കയറൽ എന്നീ ചടങ്ങുകളും നടന്നു.
പൂരക്കുഞ്ഞുങ്ങളുടെ ആഘോഷം
വീടുകളിലെ പൂരാഘോഷം പെൺകുഞ്ഞുങ്ങളുടേതു കൂടിയാണ്. ഋതുമതിയാകുന്നതിന് മുമ്പുള്ള കാലമാണ് പൂരക്കുഞ്ഞുങ്ങളുടെ പൂവിടൽ നടക്കുന്നത്. പെൺകുഞ്ഞിന്റെ ആദ്യപൂരവും അവസാനപൂരവും വലിയ ആഘോഷമായാണ് തറവാടുകളിൽ നടക്കുന്നത്. കോടി മുണ്ടുടുത്ത കുഞ്ഞിനെ വീട്ടിലെ പടിഞ്ഞാറ്റയിലും പുറത്തും കിണറ്റിൽ കരയിലുമാണ് പൂവിടീക്കുന്നത്. പൂരംകുളി ദിനത്തിൽ നരയൻ, എരിക്ക്,ചെത്തി,ക്ളീനി ,ചെമ്പകം തുടങ്ങിയ നിശ്ചിത പൂക്കളും കരി,അരിപ്പൊടി എന്നിവയും ഉപയോഗിച്ച് തയ്യാറാക്കുന്ന കാമദേവ രൂപം വൈകിട്ടോടെ പ്ളാവ് മരത്തിന്റെ ചുവട്ടിൽ ഇട്ട് യാത്ര ചൊല്ലുന്നതോടെയാണ് തറവാടുകളിലെ ആഘോഷം സമാപിക്കുന്നത്.
വാക്യാർത്ഥസദസായി ക്ഷേത്രാങ്കണം
ക്ഷേത്രങ്ങളിലെ മറത്തുകളിയാണ് പൂരോത്സവത്തിന്റെ ശ്രദ്ധേയ ചടങ്ങ്. സംസ്‌കൃതപണ്ഡിതന്മാരായ പണിക്കന്മാർ തമ്മിലുള്ള വിദ്യുൽസദസ്സാണ് മറത്തു കളി. വർഷങ്ങളായുള്ള തയ്യാറെടുപ്പോടെയാണ് ഓരോ പണിക്കന്മാരും മറത്തുകളിൽ മാറ്റുരക്കുന്നത്.തർക്കം,വ്യാകരണം, ജ്യോതിഷം, കാവ്യം,നാടകം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ നൂലിഴ കീറിയുള്ള വാദങ്ങളാണ് പണിക്കർമാർ തമ്മിൽ ഉന്നയിക്കുക.തർക്കത്തിന് വിധി കല്പിക്കുന്നതിന് അദ്ധ്യക്ഷൻമാരെയും നിയോഗിക്കും. തീയ്യ, യാദവ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലാണ് പ്രധാനമായും മറത്തുകളി നടക്കാറുള്ളത്.