ഇടപെടൽ ഫലിക്കാതെ കൈത്തറി: ഇഴയകന്ന് തൊഴിലാളി ജീവിതം

കണ്ണൂർ:എട്ടുമാസത്തെ വേതനം കുടിശ്ശികയായ കൈത്തറി തൊഴിലാളികൾ തൊഴിലിനെ ഉപേക്ഷിക്കേണ്ട അവസ്ഥയിൽ. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംസ്ഥാന ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയക്കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.എട്ടുമാസമായി കൂലി നിലച്ചതോടെ തൊഴിലാളികൾക്ക് പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ക്ഷേമനിധി എന്നിവയിലും പണമടക്കാൻ സാധിക്കാതെയായി. ഇതോടെ ഈ ആനുകൂല്യവും ഇവർക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്.
കൈത്തറി സംഘങ്ങൾക്ക് ബാങ്കിലുണ്ടായിരുന്ന ബാദ്ധ്യത മുഴുവൻ ആർ.ആർ.ആർ പാക്കേജ് വഴി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടച്ച് തീർത്തിരുന്നു. എന്നാൽ ബാങ്കുകൾ പുനർവായ്പ നൽകാൻ മടിക്കുകയാണ്. ഇതുമൂലം സംഘങ്ങൾക്ക് പ്രവർത്തന മൂലധനം കണ്ടെത്താൻ സാധിക്കുന്നില്ല. സംഘങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് എത്തുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. നൂലും ചായവും വാങ്ങാൻ വഴിയില്ലാത്ത അവസ്ഥയിലാണ് മിക്ക സംഘങ്ങളും. 2021 ൽ വിരമിച്ച ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യവും ലഭ്യമായിട്ടില്ല.
പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചും കുടിശിക അനുവദിച്ചും വെട്ടിക്കുറച്ച തുക പുനഃസ്ഥാപിച്ച് വിതരണം ചെയ്തും മാത്രമേ കൈത്തറി വ്യവസായം നിലനിർത്താൻ സാധിക്കുകയുള്ളുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
അനുവദിച്ച 20 കോടിയുമില്ല
സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ ജനുവരിയിൽ 20 കോടി അനുവദിച്ചെങ്കിലും ഇതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
യൂണിഫോമിൽ കുടിശ്ശിക 40 കോടി
യൂണിഫോം പദ്ധതിയും ഫലമില്ല കെത്തറി സംഘങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ കൈത്തറി യൂണിഫോം പദ്ധതി മുന്നോട്ട് വച്ചത്. ഈ പ്രഖ്യാപനം തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ യൂണിഫോം ഉൽപ്പാദിപ്പിച്ച് കഴിഞ്ഞപ്പോൾ സർക്കാർ കൈമലർത്തി. യൂണിഫോം ഉൽപ്പാദിപ്പിച്ച തൊഴിലാളികൾ എട്ടുമാസമായി വേതനം കാത്തിരിക്കുന്നു. 40 കോടിയോളം രൂപയാണ് ഈയിനത്തിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. ഹാൻടെക്സിന് തുണി നൽകിയ വകയിലും സംഘങ്ങൾക്ക് വലിയ തുക ലഭിക്കാനുണ്ട്. റിബേറ്റ് നടത്തിയ വകയിലും സംഘങ്ങൾക്ക് ലക്ഷങ്ങൾ കുടിശികയാണ്.
കണ്ണൂരിൽ കൈത്തറി സംഘം
40 ജീവനക്കാർ
3000 നെയ്ത് തൊഴിലാളികൾ
ജില്ലയിൽ പതിനായിരം രജിസ്റ്റേർഡ് തൊഴിലാളികൾ ഉണ്ടായിടത്ത് നിലവിൽ 3000 പേരായി ചുരുങ്ങി.നെയ്തു തൊഴിലാളികൾക്ക് കൃത്യമായി കൂലി ലഭിക്കാതായതോടെ പലരും ഈ മേഖല വിട്ടു പോകേണ്ടിവന്നു. തൊഴിലാളികൾക്ക് നൂലും ചായവും പോലും വാങ്ങാൻ കഴിയുന്നില്ല.സംസ്ഥാനത്ത് ഒന്നരലക്ഷം തൊഴിലാളികൾക്ക് യൂണിഫോം നെയ്തതിന്റെ കൂലി ലഭിച്ചില്ല.
വി.ആർ.പ്രതാപൻ(ടെക്സ്റ്റൈയിൽ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)അഖിലേന്ത്യാ സെക്രട്ടറി,