കാലാവധി കഴിഞ്ഞ ലൈസൻസ്‌ പുതുക്കാൻ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ വിജയിക്കണം

Share our post

കൊച്ചി : കാലാവധി പൂർത്തിയായി ഒരുവർഷം പിന്നിട്ട ലൈസൻസ്‌ പുതുക്കാൻ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ വിജയിക്കണമെന്ന്‌ ഹൈക്കോടതി. ടെസ്‌റ്റ്‌ നടത്തിയിട്ടില്ലെങ്കിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട്‌ 2019ൽ മോട്ടോർ വാഹനവകുപ്പ്‌ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് എറണാകുളം കുറുമശേരി സ്വദേശി സെബാസ്‌റ്റ്യൻ ജേക്കബ് നൽകിയ ഹർജി തള്ളിയാണ് ജസ്‌റ്റിസ്‌ എൻ. നഗരേഷിന്റെ ഉത്തരവ്‌.

യു.എ.ഇ.യിലായിരുന്ന ഹർജിക്കാരൻ കാലാവധി പൂർത്തിയായി ഒരുവർഷത്തിനുശേഷമാണ്‌ ലൈസൻസ്‌ പുതുക്കാൻ അപേക്ഷിച്ചത്‌. 2022ലാണ്‌ അപേക്ഷ നൽകിയത്‌. ഇതിന്റെ അടിസ്ഥാനത്തിൽ 2032 വരെ പുതുക്കി നൽകി. എന്നാൽ, പിന്നീട് ലൈസൻസ് ലാമിനേറ്റഡ്‌ സ്‌മാർട് കാർഡാക്കാൻ അപേക്ഷിച്ചപ്പോഴാണ്‌ നിയമപ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്‌. ഇതോടെ, ഡ്രൈവിങ്‌ ടെസ്‌റ്റ്‌ നടത്താതെ പുതുക്കി നൽകിയ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ അപേക്ഷകന്‌ അധികൃതർ നോട്ടീസ്‌ അയച്ചു. കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നതുസംബന്ധിച്ച സർക്കുലർ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു നോട്ടീസ്‌.

മോട്ടോർ വെഹിക്കിൾസ് ആക്ട്‌ പ്രകാരം കാലാവധി പൂർത്തിയാക്കി ഒരുവർഷം കഴിഞ്ഞതും അഞ്ചുവർഷം തികയാത്തതുമായ ലൈസൻസ്‌ പുതുക്കാൻ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പാസാകേണ്ടെന്നും സർക്കുലർ നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, കാലാവധി കഴിഞ്ഞ് ഒരുവർഷത്തിനകം പുതുക്കാത്ത ലൈസൻസുകളുടെ കാര്യത്തിൽ സർക്കുലർ പ്രകാരം അധികൃതർക്ക് നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!