പ്രളയം തകർത്ത പരിപ്പുതോട് പാലത്തിന്‍റെ പൈലിംഗ് തുടങ്ങി

Share our post

ഇരിട്ടി: പരിപ്പുതോട് പാലത്തിന്‍റെ പൈലിംഗ് തുടങ്ങി. മേയ് മാസത്തില്‍ ഉപരിതല സ്ലാബ് വാർപ്പ് നടത്തി മഴക്കാലത്തിനു മുൻപ് ഗതാഗതത്തിനു തുറന്നു കൊടുക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവൃത്തികള്‍ നടത്തുന്നത്.
17 മീറ്റർ നീളവും എട്ട് മീറ്റർ വീതിയും ആണ് പാലത്തിനുള്ളത്. ഒറ്റ സ്പാനില്‍ പണിയുന്ന പാലത്തിന്‍റെ ഇരുവശത്തും പൈലിംഗ് നടത്തിയാണ് തൂണുകള്‍ ഉറപ്പിക്കുന്നത്.

അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ഡിസംബർ 15നായിരുന്നു ശിലാസ്ഥാപനം. ഒരു വർഷമാണ് നിർമാണ കാലാവധിയെങ്കിലും ആറു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് കരാറുകാരൻ മനോജ് സേവ്യർ അറിയിച്ചു. 2018 ലെ പ്രളയത്തിലാണ് പരിപ്പുതോട് ഉണ്ടായിരുന്ന പൈപ്പ് പാലം തകർന്നത്. മരങ്ങളും മറ്റു അവശിഷ്ടങ്ങളും വന്നിടിച്ചു ഒഴുക്ക് തടസപ്പെട്ടു നിറഞ്ഞൊഴുകി ഇരുകരയിലും മണ്ണ് എടുത്തു പോകുകയായിരുന്നു.

പിന്നീട് പഞ്ചായത്ത് ഇരുവശത്തും ക്വാറി വേസ്‌റ്റ് നിറച്ചു ചപ്പാത്ത് പണിതു യാത്രാ സൗകര്യം ഒരുക്കിയെങ്കിലും കാലവർഷം ശക്തമാകുമ്പോള്‍ ഇതിനു മുകളിലൂടെ വെള്ളം ഒഴുകി ഗതാഗതം തടസപ്പെടുകയും വിയറ്റ്നാം ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ വിയറ്റ്നാം എസ്ട‌ി കോളനിയിലെ 147 കുടുംബങ്ങളും 100 ഓളം പൊതുവിഭാഗം കുടുംബങ്ങളും കടുത്ത യാത്രാക്ലേശം അനുഭവിച്ചിരുന്നു. സംസ്ഥാന സർക്കാർ 38 ലക്ഷം, ജില്ലാ പഞ്ചായത്ത് 37 ലക്ഷം, ആറളം പഞ്ചായത്ത് 30 ലക്ഷം ഉള്‍പ്പെടെ മൊത്തം 1.05 കോടി രൂപ വകയിരുത്തിയാണ് പാലം യാഥാർഥ്യമാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!