ജൽജീവൻ മിഷൻ: 23 പഞ്ചായത്തുകളിൽ പൂർത്തിയായി

കണ്ണൂർ : ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി ജില്ലയിലെ 23 പഞ്ചായത്തുകളിൽ പൂർത്തിയായി. ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനപുരോഗതി വിലയിരുത്താൻ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
ജില്ലയിൽ ആകെ 3,54,951 കണക്ഷനുകളാണ് നൽകാനുള്ളത്. ഇതിൽ 1,56,770 കണക്ഷനുകൾ നൽകി. ബാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി പണികൾ പുരോഗമിക്കുകയാണ്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, വാട്ടർ അതോറിറ്റി സൂപ്രണ്ട് എൻജിനീയർ കെ.സുദീപ്, എക്സിക്യൂട്ടീവ് എൻജിനീയർ റിജു വണ്ണാലത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സി.എം.ജാൻസി, പൊതുമരാമത്ത് വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ കെ.ഉമാവതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.