വ്യാജവാര്‍ത്താ പ്രചരണം തടയാന്‍, തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍

Share our post

വരുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ വോട്ട് ചെയ്യണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ ചൊവ്വാഴ്ച പുറത്തുവിട്ട ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

ഇത് കൂടാതെ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കര്‍മാരുടേയും കണ്‍സോര്‍ഷ്യമായ ഇന്ത്യ ഇലക്ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവായ ‘ശക്തി’ യ്ക്ക് ഗൂഗില്‍ പിന്തുണ നല്‍കും. ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്തുന്നതിന് ശക്തിയും ഗൂഗിളും സഹകരിക്കും.

ശക്തി പ്രൊജക്ടിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങള്‍ക്കും ഫാക്ട് ചെക്കര്‍മാര്‍ക്കും ഫാക്ട് ചെക്കിങ് രീതികളും ഡീപ്പ് ഫേക്ക് ഡിറ്റക്ഷനും സംബന്ധിച്ച പരിശീലനം നല്‍കും. ഗൂഗിളിന്റെ ഫാക്ട് ചെക്ക് എക്‌സ്‌പ്ലോറര്‍ പോലുള്ള ടൂളുകള്‍ പരിചയപ്പെടുത്തും. യൂട്യൂബിലെ എ.ഐ നിര്‍മിത ഉള്ളടക്കങ്ങളെല്ലാം ലേബല്‍ ചെയ്യും. ജെമിനി പോലുള്ള എ.ഐ ഉല്പന്നങ്ങളില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയന്ത്രണം അവതരിപ്പിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!