വ്യാപാരികൾക്കും തീർഥാടകർക്കും ​ഗുണകരം; കൊല്ലം-തിരുപ്പതി റൂട്ടിൽ പുതിയ ട്രെയിൻ

Share our post

കൊല്ലം: കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനംചെയ്തു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ എം.ആർ.വിജി, അഡീഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻ സഹദേവൻ, സീനിയർ ഡിവിഷണൽ പേഴ്‌സണൽ ഓഫീസർ എം.പി.ലിപിൻ തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലത്തുനിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരുപ്പതിയിൽനിന്ന് ബുധൻ, ശനി ദിവസങ്ങളിലുമാണ് തീവണ്ടി യാത്രപുറപ്പെടുന്നത്. 15-ന് ഉച്ചയ്ക്ക് 2.40-ന് തിരുപ്പതിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് 6.20-ന് കൊല്ലത്തെത്തും.

16-ന് രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ജോലാർപ്പെട്ട്, കാട്പാടി, ചിറ്റൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. പിറ്റേന്ന് 3.20-ന് തീവണ്ടി തിരുപ്പതിയിലെത്തും.

രണ്ട് എ.സി. ടു ടയർ, അഞ്ച് എ.സി. ത്രീ ടയർ, ഏഴ് സ്ളീപ്പർക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക കോച്ച് എന്നിവയാണ് തീവണ്ടിയിലുള്ളത്.

വ്യാപാരികൾക്കും തീർഥാടകർക്കും ഗുണകരമാകും

പുതിയ തീവണ്ടി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലെയും തീർഥാടകർക്ക് ഗുണകരമാകും. അയൽസംസ്ഥാനങ്ങളിൽനിന്ന് ശബരിമലയിലെത്തുന്നവർക്ക്‌ ചെങ്ങന്നൂരിൽ തീവണ്ടിയിറങ്ങി പമ്പയിലേക്ക് പോകാനാകും. വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും തീവണ്ടി സർവീസ് പ്രയോജനപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!