ഗാനമേളകളുടെ അമരക്കാരൻ ആറ്റ്‌ലി ഡിക്കൂഞ്ഞ അന്തരിച്ചു

Share our post

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേളരംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്‌ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽനിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതിൽ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമല ആസ്പത്രിയിലായിരുന്നു അന്ത്യം. നാലു വർഷമായി അഞ്ചേരി എലിക്‌സർ ഫ്ളാറ്റിലാണ് താമസം

വോയ്‌സ് ഓഫ് ട്രിച്ചൂർ, മ്യൂസിക്കൽ വേവ്‌സ്, ട്രിച്ചൂർ വേവ്‌സ്, ആറ്റ്‌ലി ഓർക്കെസ്ട്ര എന്നീ സംഗീതട്രൂപ്പുകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിറന്നത്. 1968-ൽ ആണ് ആദ്യ ട്രൂപ്പായ വോയ്‌സ് ഓഫ് ട്രിച്ചൂർ സ്ഥാപിക്കുന്നത്. 10 വർഷത്തോളം സംഗീതസംവിധായകൻ ദേവരാജന്റെകൂടെ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിർബന്ധം മൂലമാണ് ആറ്റ്‌ലി മ്യൂസിക് നോട്‌സ് എഴുതാൻ പഠിച്ചത്. സംഗീതസംവിധായകൻ രവീന്ദ്രനോടൊപ്പവും വർഷങ്ങളോളം പ്രവർത്തിച്ചു. ഗായകരായ കെ.എസ്. ചിത്ര, വേണുഗോപാൽ എന്നിവരോട് അടുത്ത ബന്ധമുണ്ടായിരുന്നു.

എറണാകുളം വൈപ്പിൻകരയിലെ മുനമ്പത്ത് ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ജനനം. മുളംചേരിപ്പറമ്പിൽ ഫ്രാൻസിസ് ഡിക്കൂഞ്ഞ, എമിലി റോച്ച ദമ്പതിമാരുടെ അഞ്ചുമക്കളിൽ മൂത്തയാളായിരുന്നു ആറ്റ്‌ലി.

അമ്മാവൻ നാടോടികളുടെ കൈയിൽനിന്ന്‌ വാങ്ങിനൽകിയ കളിവീണയിൽ പാട്ടുകൾ വായിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പിതാവ് വയലിൻ വാങ്ങിനൽകി. ഫോറസ്റ്റ് ഓഫീസറായ പിതാവിന് വടക്കാഞ്ചേരിയിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെയാണ് ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ആറ്റ്‌ലി തൃശ്ശൂരിലെത്തുന്നത്.

തുടർന്ന് സ്വയംപഠനത്തിലൂടെയാണ് ഇദ്ദേഹം വളർന്നത്. മാൻഡലിൻ, ഗിത്താർ എന്നിവയിൽ പ്രാവീണ്യം നേടി. ‘അമ്മാവനു പറ്റിയ അമളി’ എന്ന സിനിമയ്ക്കുവേണ്ടിയും സീരിയലുകൾക്കുവേണ്ടിയും സംഗീതസംവിധാനം നിർവഹിച്ചു. ആകാശവാണി, ദൂരദർശൻ ആർട്ടിസ്റ്റായിരുന്നു. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഭാര്യ: ഫെൽസി(റിട്ട. അധ്യാപിക, സെയ്ന്റ് ജോസഫ്സ് സ്കൂൾ). മക്കൾ: ആറ്റ്‌ഫെൽ റിച്ചാർഡ് ഡിക്കൂഞ്ഞ, മേരി ഷൈഫൽ റോഡ്‌റിക്സ്. മരുമക്കൾ: ട്രീസാ എവലിൻ ഡിക്കൂഞ്ഞ, സ്റ്റീഫൻ മെൽവിൻ റോഡ്‌റിക്സ്.

സംസ്‌കാരം ബുധനാഴ്ച നാലിന് തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്സ് സേക്രഡ്ഹാർട്ട് ലത്തീൻ പള്ളി സെമിത്തേരിയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!