തലശ്ശേരി – മാഹി ബൈപ്പാസ്: ഉദ്ഘാടനത്തിനുമുമ്പേ ടോള്‍ പിരിവ് തുടങ്ങി, രാഷ്ട്രീയപ്പോരിനും തുടക്കം

കണ്ണൂര്‍; തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കുന്നതിന് മുമ്പേ രാഷ്ട്രീയപ്പോര് തുടങ്ങി. ബൈപ്പാസിന്റെ വശങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സ് ബി.ജെ.പി സ്ഥാപിച്ചിട്ടുണ്ട്. ബൈപ്പാസിലൂടെ എന്‍.ഡി.എ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ റോഡ്‌ഷോയും നടക്കും. അതേ സമയം ഉദ്ഘാടനത്തിന് മുമ്പേ തന്നെ ടോള്‍ പിരിവ് ആരംഭിച്ചിട്ടുണ്ട്.
മലബാറിലെ തന്നെ ആദ്യത്തെ ആറുവരിപാതയായ തലശ്ശേരി മാഹി ബൈപ്പാസ് തിങ്കഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വീഡിയോ കോണ്ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സംസ്ഥാനത്തെ നീളം കൂടിയ കോണ്‍ക്രീറ്റ് റോഡായ തിരുവനന്തപുരത്തെ മുക്കോല-കാരോട് ദേശീയപാത ഭാഗവും ഉദ്ഘാടനം നിര്‍വഹിക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ സിപിഎമ്മും ബിജെപിയും ശക്തമായ രാഷ്ട്രീയപ്പോരിനാണ് കോപ്പുകൂട്ടുന്നത്.
ബൈപ്പാസിന്റെ ഒരുഭാഗം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മറ്റൊരു ഭാഗം വടകര ലോക്‌സഭാ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണയുടെയും കണ്ണൂരിലെ സ്ഥാനാര്‍ഥി സി രഘുനാഥിന്റേയും ഫ്‌ളക്‌സുകള്‍ ടോളിന് സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. 40-വര്‍ഷമായി മുടങ്ങിക്കിടന്ന ബൈപ്പാസ് സഫലമാക്കിയ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള എഴുത്ത് ഫ്‌ളക്‌സിലുണ്ട്.
പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദർ രാജൻ, കേന്ദ്രമന്ത്രിമാരായ വി.കെ. സിങ്, വി. മുരളീധരൻ, പുതുച്ചേരി പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണൻ തുടങ്ങിയവർ പങ്കെടുക്കും. പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ തലശ്ശേരി ചോനാടത്ത് ഒരുക്കുന്ന വേദിയിലെത്തും.
ഉദ്ഘാടനച്ചടങ്ങിനായി ചോനാടത്ത് ബൈപാസിന്റെ പാലത്തിനടിയിൽ 1,000 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 11-ന് കലാപരിപാടികളോടെ തുടങ്ങുന്ന ആഘോഷം ഉച്ചയ്ക്ക് രണ്ടു വരെ തുടരും. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചാൽ തുറന്ന വാഹനത്തിൽ മന്ത്രിയും സ്പീക്കറുമുൾപ്പെടെയുള്ളവർ ചോനാടത്തു നിന്ന് മുഴപ്പിലങ്ങാട് വരെയും മുഴപ്പിലങ്ങാട് നിന്ന് അഴിയൂർ വരെയും യാത്ര ചെയ്യും.
തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപ്പാസ് വഴിതുറക്കും. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെയാണ് പാത പോകുന്നത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, വടക്കുമ്പോട്, എരഞ്ഞോളി, കുട്ടിമാക്കൂൽ, കോടിയേരി, മാഹി, പള്ളൂർ വഴിയാണ് റോഡ് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തുന്നത്. കാറുകൾക്ക് ശരാശരി 18 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാട്ടുനിന്ന് അഴിയൂരിലെത്താം. 80 കിലോമീറ്റർ വേഗമാണ് കാറുകൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ളത്.