മിതമായ നിരക്കിൽ സുരക്ഷിത താമസം; കോഴിക്കോട്ട് ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവര്‍ത്തനം ആരംഭിച്ചു

Share our post

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവര്‍ത്തനം തുടങ്ങി. ലോഡ്ജിന്റെയും ഹോസ്റ്റലിന്റെയും പ്രവേശനോത്സവ ഉദ്ഘാടനം വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പദ്ധതിയാണിതെന്നും ഇവിടെ താമസിക്കുന്നവരുടെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം കൂടി ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തില്‍ ഡോര്‍മെറ്ററി മുതല്‍ എ.സി ഡീലക്സ് മുതല്‍ ഡബിള്‍ ബെഡ് വരെയുള്ള സൗകര്യങ്ങളാണ് ഉള്ളത്. ഒരു ദിവസത്തിന് 100 രൂപ മുതല്‍ 2250 രൂപ വരെയാണ് നിരക്ക്. താമസത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ജോലിക്കാരായ വനിതകള്‍ക്ക് മിതമായ നിരക്കില്‍ താമസത്തിനായാണ് മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍. രണ്ടു പേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന ബെഡ്റൂമുകളും നാല് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബെഡ്റൂമുകളുമാണ് സജ്ജീകരിച്ചത്. താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലില്‍ ലഭ്യമാക്കും.

കുടുംബശ്രീ യൂണിറ്റുകളായ ഷീ വേള്‍ഡ്, സാഫല്യം അയല്‍ക്കൂട്ടം എന്നിവര്‍ക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!