ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയില്‍ ഒരു ഗഡു മാര്‍ച്ച് 15 മുതല്‍ വിതരണം ചെയ്യും

Share our post

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു മാര്‍ച്ച് 15-ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും ധനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുകയാണ്. നികുതി വിഹിതവും മറ്റ് വരുമാനങ്ങളും നിഷേധിച്ചും, അര്‍ഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ് ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തതിന്റെ പേരില്‍ സാമ്പത്തിക വര്‍ഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായിയെന്നും കുറിപ്പില്‍ പറയുന്നു.

എന്നിട്ടും ക്ഷേമ പെന്‍ഷന്‍ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പ്രാധാന്യത്തില്‍തന്നെ പരിഹാരം ഉണ്ടാക്കാനും അവരുടെ ആശ്വാസ പദ്ധതികള്‍ കൃത്യമായിതന്നെ നടപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!