ഇറ്റലിയിൽ മിന്നുകെട്ട്; കേരളത്തിൽ താലികെട്ട്

വിഴിഞ്ഞം: ക്രിസ്തുമത പ്രകാരം ഇറ്റലിയിൽ മിന്നുകെട്ടിയ ദമ്പതികൾ കേരളത്തിലെത്തിയപ്പോൾ ക്ഷേത്രത്തിൽ വച്ച് താലിയും കെട്ടി. ഇറ്റലിക്കാരായ മാസിമില്ലാനോ ടോയയും(58) സുഹ്യത്തായ നൈമികാൾ ഡോനിറ്റോ മാരിനയുമാണ് (58) ആഴിമല ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ ഹിന്ദുമത ആചാരമനുസരിച്ച് വിവാഹിതരായത്.
ഇറ്റലിയിൽ വച്ചുണ്ടായ പരിചയത്തിലാണ് ഇരുവരും പ്രണയത്തിലായതും തുടർന്ന് അവിടത്തെ പളളിയിൽ വച്ച് ക്രിസ്തുമത ആചാരപ്രകാരം വിവാഹിതരായതും. ആയുർവേദ ചികിത്സാർഥം അവിടെ നിന്നെത്തിയ 16 അംഗ സംഘത്തോടൊപ്പമാണ് ഇരുവരും ആഴിമലയിലെ സ്വകാര്യ റിസോർട്ടിലെത്തിയത്. കേരളീയ വേഷമിട്ട സ്ത്രീകൾ സമീപത്തെ ആഴിമല ശിവക്ഷേത്രത്തിലെത്തി പ്രാർഥിച്ച് മടങ്ങുന്നത് ഇവർ കാണാറുണ്ടായിരുന്നു. കൗതുകത്തെ തുടർന്ന് കേരളീയ വേഷമിട്ട് തങ്ങൾക്ക് ഇവിടെയും വിവാഹ ചടങ്ങ് നടത്തണമെന്നുളള ആഗ്രഹം റിസോർട്ട് മാനേജർ ഷൈജു മനോഹറിനോട് പറഞ്ഞു.
ഇതേ തുടർന്നാണ് തിങ്കളാഴ്ച രാവിലെ 10.30 നുളള മുഹൂർത്തത്തിൽ ഹിന്ദു ആചാരപ്രകാരം ക്ഷേത്ര മേൽശാന്തി ജ്യോതിഷ് പോറ്റിയുടെ കാർമ്മികത്വത്തിൽ താലികെട്ടും റോസാപ്പൂക്കൾ കൊണ്ടുളള ഹാരവുമണിഞ്ഞ് ഇവർ വിവാഹിതരായത്. വൈകിട്ട് സുഹ്യത്തുക്കൾക്ക് രണ്ട് തരത്തിലുളള പായസവും കൂട്ടിയുളള സദ്യയും നൽകി.