കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; ഗൃഹനാഥന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, ഭാര്യയും മകനും കൂട്ടുപ്രതികൾ

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം ഞായറാഴ്‌ച പുറത്തെടുത്തു. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കൂ.
2023 ആഗസ്തിലാണ് വിജയൻ കൊല്ലപ്പെട്ടത്. വിജയന്റെ മകൾക്കും നിധീഷിനും രഹസ്യ ബന്ധത്തിൽ ഉണ്ടായ കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ കട്ടപ്പന സാഗര ജങ്ഷനിലെ പഴയവീട്ടിൽ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിങ്കളാഴ്‌ചയും പരിശോധന തുടരും.
രണ്ടിനാണ് കട്ടപ്പനയിലെ വർക്‌ഷോപ്പിൽനിന്ന് മോഷണ ശ്രമത്തിനിടെ വിജയന്റെ മകൻ വിഷ്ണുവും നിധീഷും പിടിയിലായത്. ചോദ്യം ചെയ്യലിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നു. വിജയനെയും നവജാത ശിശുവിനെയും കൊന്നതായി പ്രധാനപ്രതി കട്ടപ്പന പുത്തൻപുരയ്ക്കൽ നിധീഷ്( രാജേഷ് -31) ആണ് മൊഴി നൽകിയത്. ചുറ്റികകൊണ്ട് വിജയനെ തലയ്‌ക്കടിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം വീടിനുള്ളിൽ മറവുചെയ്തു. കേസിൽ വിജയന്റെ ഭാര്യ സുമ (57), മകൻ വിഷ്ണു(27) എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
ആൺകുഞ്ഞിനെ 2016 ജൂലൈയിൽ കട്ടപ്പന സാഗര ജങ്ഷനിലെ പഴയവീട്ടിൽ നിധീഷ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിന് വിജയന്റെയും വിഷ്ണുവിന്റെയും സഹായമുണ്ടായി. ദുരഭിമാനം ഭയന്നായിരുന്നു കൊലയെന്നും വീടിന്റെ തൊഴുത്തിൽ മൃതദേഹം മറവ് ചെയ്തെന്നുമാണ് മൊഴി. വൈകാതെ വീടും സ്ഥലവും വിറ്റു. പിന്നീട് കട്ടപ്പന ഇരുപതേക്കറിലും മറ്റ് സ്ഥലങ്ങളിലുമായി വാടകക്ക് താമസിച്ചു.
2023 ജൂലൈയിൽ കക്കാട്ടുകടയിലെ വാടക വീട്ടിൽ താമസമാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജയനും നിധീഷുമായി തർക്കമുണ്ടായി. തർക്കത്തിനിടെ നിധീഷ് വിജയനെ ചുറ്റികക്ക് അടിച്ച് കൊന്നു. രണ്ടുദിവസം വീടിനുള്ളിൽ സൂക്ഷിച്ച മൃതദേഹം സുമയുടെയും വിഷ്ണുവിന്റെയും സഹായത്തോടെ കുഴിയെടുത്ത് മൂടി.
വീടിന്റെ ചായ്‌പിൽ അഞ്ചടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തത്. മുകളിൽ കോൺക്രീറ്റ് ചെയ്തിരുന്നു. കാർഡ്‌ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. 90 ശതമാനത്തോളം അഴുകിയിരുന്നു. അസ്ഥികൂടത്തോടൊപ്പം ഷർട്ടും പാന്റ്‌സും ബെൽറ്റും കണ്ടെത്തി. വിജയനെ കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണു ജുഡീഷ്യൽ കസ്റ്റഡിയിലാണ്.