മെഡിക്കൽ കോളേജിൽ 18 കോടിയുടെ വനിതാ ഹോസ്റ്റൽ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 18 കോടി രൂപ ചെലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ തിങ്കളാഴ്ച മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. പകൽ 3.30ന് നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനാകും.
ആറ് നിലകളുള്ള കെട്ടിടത്തിൽ 404 വിദ്യാർഥികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ആകെ 101 മുറികളാണുള്ളത്. ഒരു മുറിയിൽ നാലുപേർക്ക് താമസിക്കാം. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം, 12 ടോയ്‌ലറ്റ് ബ്ലോക്കുകൾ, എല്ലാ നിലകളിലും റീഡിങ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്നത്. റോഡുകളും പാലവും ഉൾപ്പെടുന്ന ഒന്നാംഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മെഡിക്കൽ വിദ്യാർഥികളുടെ ദീർഘകാലത്തെ ആവശ്യം കൂടിയാണ് ഹോസ്റ്റൽ കെട്ടിട ഉദ്‌ഘാടനത്തിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.