ചന്ദനമരം മോഷ്ടാക്കൾ അഞ്ച് മാസത്തിന് ശേഷം പിടിയിൽ

പരിയാരം: കടന്നപ്പള്ളി ചെറുവിച്ചേരിയിൽ ചന്ദനമരങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുര ചെറുവിച്ചേരി ഗിരിജാ ശങ്കരം വീട്ടിൽ രതീഷ് (44), വലിയവീട്ടിൽ വിപിൻ (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം സെപ്തംബർ 26 നാണ് സംഭവം.
കടന്നപ്പള്ളി പാണപ്പുഴ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് ഇവർ മരങ്ങൾ മോഷ്ടിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പഴയ മോഷണ കേസുകൾ അന്വേഷിക്കുന്നതിനിടയിലാണ് പ്രതികൾ കുടുങ്ങിയത്. എസ്.ഐമാരായ അനീഷ്, വിനയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.