കോളേജ് അധ്യാപകര്‍ക്ക് ഇനി വീട്ടിലിരുന്നും മാര്‍ക്കിടാം

തിരുവനന്തപുരം: അടുത്തവര്‍ഷംമുതല്‍ കോളേജ് അധ്യാപകര്‍ക്ക് വീട്ടിലിരുന്നും പരീക്ഷയ്ക്കു മാര്‍ക്കിടാം. നാലുവര്‍ഷ ബിരുദത്തില്‍ ‘ഓണ്‍-സ്‌ക്രീന്‍ ഇവാലുവേഷന്‍’ എന്ന ഡിജിറ്റല്‍ മൂല്യനിര്‍ണയരീതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
ഇതിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രത്യേകം സോഫ്റ്റ്വേറും പോര്‍ട്ടലും തയ്യാറാക്കും. നാലുവര്‍ഷ ബിരുദത്തിന്റെ ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ ഈ രീതി ആദ്യം പരീക്ഷിക്കാനാണ് ശ്രമം. ഓണ്‍ലൈന്‍ പരീക്ഷയും മൂല്യനിര്‍ണയവും നടത്താനുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റം ഉള്‍പ്പെട്ട കെ-റീപ്പി (കേരള റിസോഴ്സ് ഫോര്‍ എജുക്കേഷണല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്) ന്റെ ആദ്യഘട്ടത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി നല്‍കി.
നാലുവര്‍ഷ ബിരുദ പരീക്ഷ: ഓണ്‍-സ്‌ക്രീന്‍ മൂല്യനിര്‍ണയം ഇങ്ങനെ
- തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം ‘ഓണ്‍-സ്‌ക്രീനി’ല്‍ നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച രീതികള്‍ ചുവടെ:
- ഉത്തരക്കടലാസ് പരീക്ഷാകേന്ദ്രത്തില്‍ സ്‌കാന്‍ചെയ്ത് പോര്‍ട്ടലില്‍ ലഭ്യമാക്കും.
- പരീക്ഷാ കണ്‍ട്രോളര്‍ ചുമതലപ്പെടുത്തുന്ന അധ്യാപകന് കംപ്യൂട്ടറിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഓണ്‍ലൈനായി നോക്കി മാര്‍ക്കിടാം.
- ഫെയ്സ് റെക്കഗ്‌നിഷന്‍ പോലുള്ള ഇ-സുരക്ഷ.
- എവിടെയിരുന്നും ഏതുനേരത്തും മൂല്യനിര്‍ണയം നടത്താം.
- മാര്‍ക്ക് കുറഞ്ഞാലോ കൂടിയാലോ തത്സമയം കണ്ടുപിടിക്കാം.
- മാര്‍ക്കിട്ട ഉത്തരക്കടലാസ് വിദ്യാര്‍ഥിക്കും കാണാന്‍ അവസരം.
- വിദ്യാര്‍ഥിയുടെ മികവ് വിലയിരുത്താന്‍ എ.ഐ. സഹായം.
മാറ്റം അനിവാര്യം -ആര്‍. ബിന്ദു, ഉന്നതവിദ്യാഭ്യാസമന്ത്രി
നാലുവര്‍ഷ ബിരുദത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മൂല്യനിര്‍ണയരീതി വരും. ഇപ്പോള്‍ മൂല്യനിര്‍ണയത്തിനും ഫലപ്രഖ്യാപനത്തിനും വലിയ സമയമെടുക്കുന്നു. മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ഥിസൗഹൃദ നടപടികളുണ്ടാവും.